police

കോട്ടയം: വിജിലൻസ് അറസ്റ്റുചെയ്ത മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ, കൈക്കൂലിക്കേസിൽ പിടിയിലാകുന്നത് രണ്ടാം തവണ. 2019 ൽ കഴക്കൂട്ടം സി.ഐ ആയിരിക്കെയാണ് വി.ഷിബുകുമാർ ആദ്യം പിടിയിലാകുന്നത്. ഒരു വർഷത്തിനു ശേഷം തിരികെ സർവീസിൽ കയറി മുണ്ടക്കയത്ത് എത്തിയ ഇയാൾ അഴിമതി തുടരുകയായിരുന്നു. അഴിമതി വീരനെന്നു പേരുകേട്ട സി.ഐയെ ലോക്കലിൽ ഇരുത്തരുതെന്ന നിർദേശം നിലനിൽക്കെയാണ് മുണ്ടക്കയം സ്റ്റേഷന്റെ ചുമതല നൽകിയത്.

മുണ്ടക്കയം സ്‌റ്റേഷൻ ഹൗസ് ഓഫീസറും ശാസ്താംകോട്ട പോരുവഴി വിശാഖം വീട്ടിൽ വി.ഷിബുകുമാറിനെയും (46) സ്റ്റേഷനിലെ കാൻ്റീൻ കരാറുകാരൻ മുണ്ടക്കയം വട്ടോത്തുകുന്നേൽ സുദീപ് ജോസിനെയും (39) തിങ്കളാഴ്‌ചയാണ് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്‌തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്.

കാൻ്റീൻ കൈക്കൂലിയുടെ താവളം

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും കാൻ്റീൻ ആരംഭിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് മുണ്ടക്കയത്തും ആരംഭിച്ചത്. എന്നാൽ, മറ്റിടങ്ങളിൽ പൊലീസുകാർ തന്നെ കാന്റീൻ നടത്തിപ്പ് ഏറ്റെടുത്തപ്പോൾ മുണ്ടക്കയത്ത് സ്വകാര്യ വ്യക്തിയ്ക്കായിരുന്നു ചുമതല. കാൻ്റീനിന്റെ മേൽക്കൂര വാർക്കുന്നതിനായി അപകടമരണക്കേസ് ഒത്തു തീർത്ത് ലഭിച്ച കൈക്കൂലിയാണ് ഉപയോഗിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സി.ഐയുടെ കൈക്കൂലികൾക്കെല്ലാം ഇടനില നിന്നിരുന്നത് സുദീപാണ്. ഇയാളുടെ മദ്ധ്യസ്ഥതയിലാണ് സ്റ്റേഷനിലെ കേസുകൾ ഒത്തുതീർത്തിരുന്നത്.

തുണി നൽകിയില്ല, കട പൂട്ടിച്ചു!

മാസ്‌ക് നിർമ്മിക്കുന്നതിനെന്ന പേരിൽ ആവശ്യപ്പെട്ട തുണി സൗജന്യമായി നൽകാഞ്ഞതിന് മുണ്ടക്കയം ടൗണിലെ തുണിക്കട നേരത്തെ ഷിബുകുമാർ അടപ്പിച്ചിരുന്നു. കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്നാണ് ഇതിനു കാരണം പറഞ്ഞത്.

 സംസ്ഥാനത്ത് മുണ്ടക്കയത്തു മാത്രം കാന്റീൻ നടത്തിപ്പ് പൊലീസിനെ ഏൽപ്പിച്ചില്ല

 അഴിമതിക്കാരനായ ഷിബുകുമാറിനെ ലോക്കലിൽ നിയമിക്കരുതെന്ന നിർദേശം ലംഘിച്ചു