pala

ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് അട്ടിമറി ജയം നേടിയ ആൾ യു.ഡി.എഫിൽ . എതിരാളിയോ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫിൽ എത്തിയ ആൾ . അടുത്ത പാലാ നിയമസഭാ തിരഞ്ഞെടുപ്പെന്നു പറഞ്ഞാൽ ഒരൊന്നന്നര തിരഞ്ഞെടുപ്പെന്നു പറയേണ്ടി വരും .

പാലാ അങ്കത്തട്ടിൽ രണ്ട് സത്യ ക്രിസ്ത്യാനികളായ ജോസും കാപ്പനും അങ്കം വെട്ടാൻ ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. ആരാകും ചന്തു ,ആരാകും ആരോമൽ ചേകവർ എന്ന് പ്രവചിക്കാൻ കഴിയാത്ത സസ്പെൻസിലാണ് കേരള രാഷ്ടീയം ഇപ്പോഴും .

കാപ്പൻ യു.ഡി.എഫ് വേദിയിലേക്ക് തല ഉയർത്തി ആടി ഉലഞ്ഞു കയറി വന്നത് കേരളകോൺഗ്രസ് നേതാവ് പി.ജെ ജോസഫ് പറഞ്ഞതുപോലെ തിരുനക്കര കൊമ്പന്റെ തലയെടുപ്പോടെയായിരുന്നു . ചെന്നിത്തലയുടെ കേരളയാത്രയെ കവച്ചു വെച്ച ജീപ്പ് യാത്രയോടെ പാലായിൽ യു.ഡി.എഫ് വേദിയിലെത്തി എൽ.ഡി.എഫിൽ നിന്ന് രാജിവെച്ചെന്നു പറഞ്ഞത് കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ സംഭവമായി.

യു.ഡി.എഫ് മുന്നണി പ്രഖ്യാപനം നടത്തിയ കാപ്പൻ ഒന്നേകാൽ വർഷത്തിനുള്ളിൽ പാലായിൽ 500 കോടിയോളം രൂപയുടെ വികസനം നടത്തിയതിന് പിണറായി വിജയന് നന്ദി പറഞ്ഞപ്പോൾ ഞെട്ടിയത് കേരളത്തിൽ ഒരു വികസനവും നടക്കുന്നില്ലെന്നു പറഞ്ഞ് കേരളയാത്രയിൽ പ്രസംഗിക്കുന്ന യു.ഡി.എഫ് നേതാക്കളായിരുന്നു . ജോസിനെ ജൂനിയർ മാൻഡ്രേക്കെന്നു വിശേഷിപ്പിച്ചതിനു പുറമേ പാലായിലെ പോപ്പാകാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പും നൽകി. ജോസ് ഏതായാലും കാപ്പനെപ്പോലെ മറുപടിയുമായി വന്നില്ല. ജോർജോ എം.എം. മണിയോ ആയിരുന്നെങ്കിൽ പലതും കാണാമായിരുന്നെന്നാണ് പാലാക്കാർ അടക്കം പറയുന്നത്

'അങ്കം ജയിച്ചവർക്ക് സീറ്റില്ല . തോറ്റവർക്ക് സീറ്റ് ' ഇതെന്തു നീതിയെന്ന മാണി സി. കാപ്പന്റെ ചോദ്യം എൻ.സി.പി ദേശീയ നേതൃത്വം കേട്ടില്ല . പീതാംബരൻ മാസ്റ്ററെങ്കിലും ഒപ്പം വരുമെന്ന് കരുതിയെങ്കിലും വന്നില്ല . കാപ്പൻ ഒറ്റക്കു യു.ഡി.എഫിലെത്തി എൻ.സി.പിയിൽ നിന്നും പുറത്തുമായി. മൂന്നു സീറ്റു വാങ്ങി യു.ഡി.എഫിൽ പുതിയ ഘടകകക്ഷിയാകുമെന്നു കാപ്പൻ പറയുന്നുണ്ടെങ്കിലും അതു വല്ലതും നടക്കുമോ എന്നു കണ്ടറിയണം. ഘടകകക്ഷി നേതാവായാൽ യു.ഡി.എഫും കാപ്പനും ജയിച്ചാൽ മന്ത്രിയാകാം. കൈപ്പത്തിയിൽ ജയിച്ചാൽ അതു നടക്കില്ലെന്നു മനസിലാക്കിയാണ് കാപ്പന്റെ കാഞ്ഞ ബുദ്ധിയിൽ പുതിയ പാർട്ടി രൂപീകരണം ഉണ്ടായത് .

കാപ്പനും ജോസും ഏറ്റു മുട്ടുമ്പോൾ പറയാൻ സാമ്യങ്ങൾ ഏറെയാണ്. കെ.എം.മാണിയെ രാഷ്ട്രീയത്തിൽ കൊണ്ടു വന്നത് തന്റെ പിതാവ് ചെറിയാൻ ജെ. കാപ്പനാണെന്നാണ് മാണി സി. കാപ്പൻ പറയുന്നത്. അങ്ങനെയെങ്കിൽ പാലായിലെ അങ്കം ആശാന്റെയും ശിഷ്യന്റെയും മക്കൾ തമ്മിലാകും. കാപ്പൻ ജയിച്ചാൽ മൂന്നു തവണ തന്നെ തോൽപ്പിച്ച നേതാവിന്റെ മകനെ തോൽപ്പിച്ചെന്ന് പറയാം. ജോസ് ജയിച്ചാൽ മൂന്നു തവണ അച്ഛൻ തോൽപ്പിച്ചയാളെ മകനും വീണ്ടും തോൽപ്പിച്ചെന്നു പറയാം.

ഏതായാലും തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലമായി പാലാ മാറുമെന്ന് ഇപ്പോഴേ ഉറപ്പായിട്ടുണ്ട്. ക്ലൈമാക്സ് ആന്റീക്ലൈമാക്സ് ആകുമോ എന്നു മാത്രം ഇനി അറിഞ്ഞാൽ മതി !..

.

.