കട്ടപ്പന: മഹാപ്രളയത്തിൽ മണ്ണടിഞ്ഞ കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ അതിജീവനം പൂർണം. വെള്ളയാംകുടിയിൽ അതേസ്ഥലത്ത് നിർമാണം പൂർത്തീകരിച്ച പുതിയ വർക്ക്‌ഷോപ്പ്ഗാരേജിന്റെയും ഓഫീസ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം 20ന് വൈകിട്ട് 4ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ഒരുകോടി രൂപ ചെലവഴിച്ചാണ് ഡിപ്പോ പുനർനിർമിച്ചത്. റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 50 ലക്ഷവും മുൻ എം.പി. ജോയ്‌സ് ജോർജിന്റെ ഫണ്ടിൽ നിന്നു 25 ലക്ഷവും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു 25 ലക്ഷവും അനുവദിച്ചിരുന്നു. കൂടാതെ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 5 കോടി രൂപ ഡിപ്പോയുടെ നവീകരണത്തിനായി അനുവദിച്ചിട്ടുണ്ട്. പുതുതായി നിർമിച്ച ഓഫീസ് കോംപ്ലക്‌സിൽ എ.ടി.ഒ, സ്റ്റേഷൻ മാസ്റ്റർ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ, വെഹിക്കിൾ സൂപ്പർവൈസർ ഓഫീസുകളും ടിക്കറ്റ്കാഷ് കൗണ്ടർ, വനിത ജീവനക്കാരുടെ വിശ്രമമുറി എന്നിവയാണ് പ്രവർത്തിക്കുന്നത്. നിലവിൽ അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ 26 സർവീസുകൾ കട്ടപ്പനയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നു.
2018 ആഗസ്റ്റ് 18നുണ്ടായ ഉരുൾപൊട്ടലിലാണ് ഡിപ്പോ പൂർണമായി മണ്ണിനടിയിലായത്.
20ന് ഡിപ്പോയിൽ നടക്കുന്ന യോഗത്തിൽ വൈദ്യുതി മന്ത്രി എം.എം. മണി, റോഷി അഗസ്റ്റിൻ എം.എൽ.എ, കട്ടപ്പന നഗരസഭാദ്ധ്യക്ഷ ബീന ജോബി, ഉപാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ, ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.
ദുരന്തദിനം
വെള്ളയാംകുടിയിലെ ഡിപ്പോയോട് ചേർന്നുള്ള കല്ലുകുന്ന് മലയിൽ 2018 ഓഗസ്റ്റ് 17ന് മണ്ണിടിച്ചിൽ തുടങ്ങിയിരുന്നു. 18ന് പുലർച്ചെ ഒന്നോടെ ഉണ്ടായ ഉരുൾപൊട്ടലിൽ മലയുടെ ഒരുഭാഗം ഇടിഞ്ഞ് ഡിപ്പോ പൂർണമായി വിഴുങ്ങുകയായിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഒൻപതു ജീവനക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 200 മീറ്ററോളം ദൂരത്തിൽ മണ്ണും കല്ലും ഒലിച്ചെത്തിയതോടെ വർക്ക്‌ഷോപ്പ്ഗാരേജിന്റെ ഇരുനില കോൺക്രീറ്റ് കെട്ടിടവും വിശ്രമകേന്ദ്രവും മൈതാനവും നാമാവശേഷമായി. രണ്ടു ബസുകൾക്കും കേടുപാടു സംഭവിച്ചു.
നഗരസഭയുടെ കൈത്താങ്ങ്
ഡിപ്പോ പൂർണമായി മണ്ണിനടിയിലായതോടെ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ മറ്റൊരു സൗകര്യമില്ലാതെ അധികൃതർ വലഞ്ഞപ്പോൾ കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് വിട്ടുനൽകാൻ നഗരസഭ സന്നദ്ധത അറിയിച്ചു. ഉടൻതന്നെ രേഖകളും ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പഴയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലേക്കു മാറ്റി. മൂന്നാം ദിവസം 21ന് രാവിലെ മുതൽ പഴയ ബസ് സ്റ്റാൻഡിൽ നിന്നു സർവീസുകൾ ഓപ്പറേറ്റ് ചെയ്തുതുടങ്ങി.
ഡിപ്പോ നിലനിർത്തി
ഉരുൾപൊട്ടലിനുശേഷം മുന്നോട്ടുള്ള പ്രവർത്തനം പ്രതിസന്ധിയിലായതോടെ ഡിപ്പോ നിർത്തലാക്കാനും സർവീസുകൾ കുമളി, നെടുങ്കണ്ടം ഡിപ്പോകളിലേക്ക് മാറ്റാനും അന്നത്തെ എം.ഡി. ടോമിൻ ജെ.തച്ചങ്കരി നിർദേശിച്ചിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സി. ഡയറക്ടർ സി.വി. വർഗീസിന്റെ ഇടപെടലിനെ തുടർന്നാണ് ഡിപ്പോ നിലനിർത്താൻ കഴിഞ്ഞത്. റോഷി അഗസ്റ്റിൻ എംഎൽഎയും വിഷയത്തിൽ ഇടപെട്ടിരുന്നു. ഒരുവർഷത്തിനുള്ളിൽ ഹ്രസ്വദൂര സർവീസുകൾക്ക് പുറമേ ബംഗളുരു അന്തർസംസ്ഥാന സർവീസും സുൽത്താൻ ബത്തേരി, ഷോളയൂർ, മാനന്തവാടി തുടങ്ങിയ ദീർഘദൂര സർവീസുകളും ഉൾപ്പെടെ തുടങ്ങി. ഡിപ്പോയുടെ പ്രവർത്തനം പൂർണതോതിലാകുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാനാകും. എറണാകുളം സോണൽ ഓഫീസിനുകീഴിൽ മികച്ച വരുമാനമുള്ള ഡിപ്പോകളിൽ മുൻപന്തിയിലാണ് കട്ടപ്പന.