 
കട്ടപ്പന: ക്രൂരമായി ഉപദ്രവിച്ചശേഷം കഴുത്തിൽ കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ച തെരുവുനായ ചത്തു. സാരമായി പരിക്കേറ്റ നായ യുവാക്കളുടെ സംരക്ഷണത്തിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ചത്തത്. ജഡം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. നായയോട് ക്രൂരതകാട്ടിയ കൈരളി ജംഗ്ഷൻ മാണ്ടിയിൽ ഷാബു(51) വിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക വകുപ്പ് ചുമത്തും. കട്ടപ്പന കൈരളി ജംഗ്ഷനിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. കുരച്ചുകൊണ്ട് ഷാബുവിനെ സമീപത്തെത്തിയ നായയെ ഇയാൾ വടി കൊണ്ട് തല്ലിയ ശേഷം കഴുത്തിൽ കയർ കെട്ടി റോഡിലൂടെ 20 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. മുറിവേറ്റ് വഴിയിൽ കിടന്ന നായയെ പ്രദേശവാസികളായ സിദ്ധാർത്ഥ്, അഭിജിത്ത് എന്നിവർ ചേർന്ന് കട്ടപ്പന മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. പിന്നീട് ഇരുവരുടെയും സംരക്ഷണയിൽ വിടുകയായിരുന്നു. എന്നാൽ ശരീരമാസകലം മുറിവേറ്റ നായ അവശനിലയിലായിരുന്നു.
ഷാബു നായയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ സിദ്ധാർത്ഥാണ് പകർത്തിയത്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു. ദൃശ്യം ശ്രദ്ധയിൽപ്പെട്ട കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ഷാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിദ്ധാർത്ഥിന്റെ മൊഴി രേഖപ്പെടുത്തിയാണ് ഷാബുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. അതേസമയം തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ സ്വയരക്ഷയ്ക്കായി കുടുക്കിട്ട് പിടിക്കുകയായിരുന്നെന്നാണ് ഷാബുവിന്റെ വാദം.