pathiramanal

കോട്ടയം: പാതിരാമണലിനെ ടൂറിസം വകുപ്പ് ഉപേക്ഷിച്ച മട്ടിലാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് പാതിരാമണലിൽ എത്തിയിരുന്നത്. ഇതിൽ ഏറെയും വിദേശ ടൂറിസ്റ്റുകളായിരുന്നു. ഇപ്പോൾ വിദേശത്ത് നിന്ന് ആരുമില്ലെങ്കിലും നാട്ടിലെ യാത്രികർ വരുന്നുണ്ട്. എന്നാൽ, ദീപിലേക്ക് ബോട്ട് അടുപ്പിക്കണമെങ്കിൽ മണിക്കൂറുകളോളം ഊഴം കാത്ത് കിടക്കണം. ദ്വീപിലേക്ക് കാലുകുത്തണമെങ്കിൽ ഒരു ബോട്ട്ജട്ടി മാത്രമേയുള്ളു. അഞ്ചും ആറും ബോട്ടുകളാണ് മിക്കപ്പോഴും ദ്വീപിൽ അടുക്കാൻ ഊഴം കാത്ത് കിടക്കേണ്ടിവരുന്നത്. ഒരു മണിക്കൂറോളം കാത്ത് കിടന്നാൽ മാത്രമേ ദ്വീപിലേക്ക് ഇറങ്ങാൻ സാധിക്കുകയുള്ളു.

കുമരകം, കായൽപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ദ്വീപിലേക്ക് ബോട്ട് സർവീസ് ഉണ്ട്. കൂടാതെ ജലഗതാഗത വകുപ്പിന്റെ 'വേഗ' ടൂറിസ്റ്റ് ബോട്ടും പാതിരാമണലിൽ എത്തുന്നുണ്ട്. സമയക്കുറവുമൂലം മിക്കപ്പോഴും ഊഴം കാത്ത് കിടക്കാൻ അവർ മിനക്കെടാറില്ല. ഒരൊറ്റ ബോട്ട്ജെട്ടി മാത്രമുള്ളതിനാൽ എത്ര സമയം കായലിൽ കിടക്കേണ്ടി വരുന്നതെന്ന് ബോട്ടുകാർക്ക് ഒരു നിശ്ചയവുമില്ല. കുമരകം-മുഹമ്മ സർവീസ് ബോട്ടുകളും അടുക്കുന്നത് ഈ ജെട്ടിയിലാണ്.

ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നത് വർഷങ്ങളായുള്ള സഞ്ചാരികളുടെ ആവശ്യമാണ്. പക്ഷേ, ടൂറിസ്റ്റ് വകുപ്പ് ഇത് ചെവികൊണ്ടിട്ടില്ല. രണ്ടോ മൂന്നോ ബോട്ടുജെട്ടികൾ ടൂറിസ്റ്റ് വകുപ്പിന് നിർമ്മിക്കാവുന്നതേയുള്ളു. ഇത് സാദ്ധ്യമായാൽ ബോട്ടുകളുടെ കാത്തുനിൽപ്പിന് പരിഹാരമാവും.

മുഹമ്മ പഞ്ചായത്ത് പ്രവേശന കവാടത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ച് പത്തുരൂപ പ്രവേശന ഫീസ് സഞ്ചാരികളിൽ നിന്നും ഈടാക്കുന്നുണ്ട്. എന്നാൽ ദ്വീപിൽ ഇറങ്ങിയാൽ കാര്യങ്ങൾ സാധിക്കണമെങ്കിൽ ഒരു ടോയ്ലറ്റ് പോലുമില്ല. സഞ്ചാരികൾ പലപ്പോഴും ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. പാരിസ്ഥിതിക പ്രാധാന്യമുള്ള പാതിരാമണൽ ദ്വീപിൽ അപൂർവയിനം കണ്ടൽ ചെടികളുണ്ട്. മറ്റ് ജീവജാലങ്ങളുമുണ്ട്. ഇവ സംരക്ഷിക്കാനും സംവിധാനങ്ങളില്ല. ചുരുക്കത്തിൽ നാഥനില്ലാ കളരിയായി മാറിയിരിക്കയാണ് പാതിരാമണൽ.