കുമരകം: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര ശ്രീകോവിൽ കൃഷ്ണശിലയിലും സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയിലും പുനർനിർമ്മിക്കുന്നു. ഒന്നരക്കോടി രൂപയോളം ചെലവിലാണ് പുനർനിർമാണം.
1905ൽ ആറ്റുതീരത്ത് ഓലയും പനമ്പും മുളയും കൊണ്ട് നിർമ്മിച്ച താത്കാലിക മഠത്തിലാണ് ഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ചത്. നാലര പതിറ്റാണ്ടിന് ശേഷം ഇപ്പോഴത്തെ സ്ഥലത്തേയ്ക്ക് ശ്രീകോവിൽ മാറ്റി സ്ഥാപിക്കുകയായിരുന്നു. 2019 മാർച്ചിൽ നടന്ന അഷ്ടമംഗലദേവ പ്രശ്‌നവിധിയനുസരിച്ചാണ് ജീർണാവസ്ഥയിലായിരുന്ന ശ്രീകോവിൽ പൊളിച്ച് നീക്കി അഷ്ടാശ്രയമായി കൃഷ്ണ ശിലയിൽ പുനർ നിർമിക്കുന്നത്. പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധൻ കൊടുങ്ങല്ലൂർ ദേവദാസ് ആചാരിയുടേതാണ് രൂപരേഖ.
തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ നിന്നുള്ള കൃഷ്ണശിലകൾ പ്രശസ്ത ശില്പി ചെങ്കോട്ട ശങ്കർ രവിയുടെ നേതൃത്വത്തിലാണ് ഉറപ്പിക്കുന്നത്. രണ്ടു നിലകളിലായുള്ള ശ്രീകോവിലിന്റെ മേൽക്കൂരയുടെ തടി ഉരുപ്പടികൾ നിർമിക്കുന്നത് തച്ചുശാസ്ത്രവിദഗ്ദ്ധൻ പള്ളിപ്പുറം ഷിജിയുടെ നേതൃത്വത്തിലാണ്. ശ്രീകോവിലിന്റെ മേൽക്കൂരകൾ പൂർണ്ണമായും ചെമ്പുതകിടുകൾ പാകും. താഴികക്കുടം സ്വർണ്ണത്തിലാണ്. വാതിൽ, പടികൾ, മുഖപ്പ് എന്നിവ പിത്തള പൊതിയും. ശ്രീകോവിലിനുള്ളിലെ പീഠവും പ്രഭയും വെള്ളിയിലാണ് തീർക്കുക. ശ്രീകോവിലിന് ചുറ്റും ശിലകൾ പാകി സജ്ജീകരിക്കും. ഷഢാധാരപ്രതിഷ്ഠയും പടിവെയ്പ്പുചടങ്ങുകളും പൂർത്തിയായി. ഒന്നാം നിലയുടെ നിർമ്മാണങ്ങൾ പൂർത്തിയാവുകയാണ്.
'' കുമരകത്തെ മൂവായിരത്തോളം ശ്രീനാരായണ കുടുംബങ്ങളുടെ ആത്മീയ കേന്ദ്രമാണ് ശ്രീകുമാരമംഗലം ക്ഷേത്രം. ഭക്തരുടെ പൂർണ സഹകരണത്തിലാണ് ശ്രീകോവിൽ നിർമ്മാണം പുരോഗമിക്കുന്നത്'' - അഡ്വ.വി.പി അശോകൻ, പ്രസിഡന്റ്, ശ്രീകുമാര മംഗലം ദേവസ്വം
'' ജൂണിൽ നിർമാണം പൂർത്തിയാക്കി പ്രതിഷ്ഠാചടങ്ങുകൾ നടത്താനാണ് തീരുമാനം. ശ്രീകോവിൽ നിർമ്മാണത്തിൽ തുടർന്നും ഭക്തർക്ക് പങ്കാളികളാകാം''
-കെ.ഡി.സലിമോൻ, സെക്രട്ടറി