drama

കോട്ടയം: കഴിഞ്ഞ സീസണിൽ സർക്കാർ വിലക്ക്,​ ഈ സീസണിൽ കമ്മിറ്റിക്കാരുടെ ഭയം. രണ്ട് സീസണുകൾ നഷ്ടമാകുന്നതിന്റെ വേദനയിലാണ് ജില്ലയിലെ കലാകാരൻമാർ. ഉത്സവസീസണെത്തിയിട്ടും വേദികൾ ഉണരാത്തത് കലാസമിതികളെ കഷ്ടപ്പാടിലാക്കുന്നു.

ഇക്കുറി ഉത്സവങ്ങളിൽ കലാപരിപാടികൾക്ക് വിലക്കില്ലെങ്കിലും കൊവിഡ് പ്രേട്ടോക്കോൾ പാലിച്ച് പരിപാടി സംഘടിപ്പിക്കാൻ സാധിക്കുമോ എന്ന ആശങ്കയാണ് കമ്മിറ്റിക്കാരെ കലാ പരിപാടികൾ വേണ്ടെന്ന തീരുമാനത്തിലെത്തിച്ചത്. ഇതോടെ തുടർച്ചയായി രണ്ട് സീസണുകളാണ് കലാകാരന്മാർക്ക് നഷ്ടമാകുക. കലാപരിപാടി കാണുന്നതിനായി ഉത്സവപറമ്പിൽ ആളുകൾ കൂടിയാൽ കമ്മിറ്റി ഭാരവാഹികൾക്കെതിരെ നിയമനടപടിയുണ്ടാകും. ഉത്സവ ദിനങ്ങളിൽ കഥകളി അടക്കമുള്ള ക്ഷേത്രകലകൾക്ക് നാമമാത്രമായി ബുക്കിംഗുണ്ട്. അതേസമയം നാടകം ഉൾപ്പടെയുള്ള കലകൾക്ക് പ്രോത്സാഹനം നൽകാൻ വിവിധ സാസ്‌കാരിക സംഘടനകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നാടകപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ജില്ലയിൽ നിന്ന് കാര്യമായ ബുക്കിംഗുകൾ ലഭിച്ചിട്ടില്ല. ഈ സീസണിൽ പുതിയ നാടകം വേദിയിലെത്തിക്കാൻ കഴിഞ്ഞിട്ടുമില്ല. നാടകമെഴുത്ത് അടക്കമുള്ള അണിയറ പ്രവർത്തനം കൊവിഡ് മൂലം നടന്നതുമില്ല. ഗാനമേളകളുടേയും കോമഡി പരിപാടികളുടേയും അവസ്ഥ സമാനമാണ്.

 അനുബന്ധ മേഖലയിലും തളർച്ച

സംവിധാനം,​ തിരക്കഥ,​ ലൈറ്റും സൗണ്ടും, ഓർക്കസ്ട്ര മുതൽ ബുക്കിംഗ് ഏജൻസികൾ വരെയുള്ളവരെ കൂടിയാണ് പ്രതിസന്ധി ബാധിച്ചത്. ഒരു നാടക സമിതിയിൽ ചുരുങ്ങിയത് 12 സ്ഥിരം അംഗങ്ങളുണ്ടാവും. സമാനമാണ് ഗാനമേള ട്രൂപ്പുകളുടെയും അവസ്ഥ. ഡാൻസ് ട്രൂപ്പുകളുടെ കോസ്റ്റ്യൂമും മേക്കപ്പ് സാമഗ്രികളും ഉപയോഗിക്കാതെ നശിച്ചുപോകുന്നതും നഷ്ടക്കണക്ക് വർദ്ധിപ്പിക്കുന്നു.

 പുല്ലുവെട്ടുമുതൽ ഡ്രൈവിംഗ് വരെ

പല കലാകാരന്മാരും മറ്റ് തൊഴിലിടങ്ങളിൽ ചേക്കേറി. പുല്ലുവെട്ട്,​ ഓട്ടോ റിക്ഷാ ഓടിക്കൽ,​ വഴിയോരക്കച്ചവടം ഇങ്ങനെ വിവിധ മേഖലകളിലേയ്ക്ക് ജീവിതം പറിച്ചു നട്ടു. കലയോടുള്ള വൈകാരിക ബന്ധം മൂലം ചില സംഘടനകൾ നാടക പ്രദർശനങ്ങൾ നടത്തുന്നുണ്ട്.

' വിരലിലെണ്ണാവുന്ന ബുക്കിംഗ് പോലും ലഭിച്ചിട്ടില്ല. ഇതിന് മുൻപ് ബുക്കിംഗ് ലഭിച്ച സ്ഥലത്ത് കണ്ടെയ്ന്റ്മെന്റ് സോണായത് മൂലം പരിപാടി കാൻസലായി. ആളുകൂടുന്നത് പ്രശ്നമായതിനാൽ പ്രോഗ്രാം നടത്താൻ കമ്മിറ്റിക്കാർക്ക് പേടിയാണ്''

-പ്രദീപ് മാളവിക, കേരള ഡ്രാമ വർക്കേഴ്സ് വെൽഫയർ അസോ.