paddy

കോട്ടയം: വെള്ളപ്പൊക്കം കഴിഞ്ഞ് ആറ് മാസം പിന്നിട്ടിട്ടും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാതെ അപ്പർകുട്ടനാട്ടിലെ നെൽകർഷകർ. ജില്ലയിലെ 15,450 നെൽകർഷകരാണ് കാത്തിരിക്കുന്നത്. നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ ഇൻഷുറൻസ് തുകയും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് മടവീണും വെള്ളം കയറിയും ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷി നശിച്ചത്. 66കോടിയോളം രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയത്. ഏറ്റവുമധികം കൃഷിനാശമുണ്ടായ കുമരകം, ആർപ്പൂക്കര, നീണ്ടൂർ, വൈക്കം,വെച്ചൂർ, അയ്മനം എന്നിവടങ്ങളിലെ കർഷകർക്കാണ് പണം ലഭിക്കാനുള്ളത്.

മിക്ക കർഷകരും ബാങ്കിൽനിന്ന് വായ്പയെടുത്താണ് കൃഷി നടത്തുന്നത്. വിളവെടുക്കാറായ ഘട്ടത്തിലാണ് വെള്ളപ്പൊക്കമെത്തിയത്. ഇതോടെ കൃഷി പൂർണമായി നശിച്ച കർഷകരുടെ ഏകപ്രതീക്ഷ സർക്കാരിൽനിന്നുള്ള ധനസഹായമായിരുന്നു.

 ഇൻഷുറൻസും ഗോവിന്ദ!

കൃഷിനാശമുണ്ടായ കർഷകരിൽ ഇൻഷുറൻസ് എടുത്തവർക്കും ആ തുക നൽകിയിട്ടില്ല. കർഷകരും കൃഷി വകുപ്പും ചേർന്ന് കമ്പനിയിൽ പ്രീമിയമടച്ചാണ് വിളവ് ഇൻഷ്വറൻസ് എടുത്തത്. ഏക്കറിന് 14,000 രൂപ വീതമാണ് ലഭിക്കേണ്ട ഇൻഷുറൻസ് തുക.

നടപടി വേഗത്തിലാക്കണം

' കാർഷിക ദുരിതാശ്വാസ വിതരണ നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണം. നഷ്ടപരിഹാരം മാത്രമല്ല, പ്രീമിയം അടച്ച് ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നവർക്കും പണം ലഭിക്കാത്തത് ന്യായീകരിക്കാനാവില്ല. അടുത്ത കൃഷിയിറക്കാനുള്ള സമയമായെന്ന് സർക്കാർ ഓർക്കണം ''

- എം.കെ. ദിലീപ് കുമാർ, അപ്പർകുട്ടനാട് വികസന സമിതി

 രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി

വിളനാശം സംഭവിച്ച് എട്ട് മാസം പിന്നിട്ടിട്ടും ഇൻഷുറൻസ് തുക നൽകാത്തത് പ്രതിഷേധാർഹമാണ്. കർഷകരുടെ മുഴുവൻ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്''

- മോഹൻ സി.ചതുരച്ചിറ, കർഷക കോൺഗ്രസ്

 പ്രതിസന്ധിക്കു കാരണം സർക്കാർ പണം നൽകാത്തത്:

ജില്ലാ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ

 നഷ്ടപരിഹാരത്തിനു കാത്തിരിക്കുന്നത്

15,450 നെൽകർഷകർ

ജില്ലയിൽ കണക്കാക്കിയ നഷ്ടം: 66കോടി രൂപ