വിലയിടിവ്, വളർത്തുമത്സ്യകൃഷിയും പ്രതിസന്ധിയിൽ
കോട്ടയം: ലക്ഷങ്ങൾ മുടക്കി വളർത്തു മത്സ്യകൃഷിയിലേക്ക് ഇറങ്ങിയ കർഷകരെ കൈവിട്ട് വിപണി. മത്സ്യങ്ങളുടെ വിലയിടിവും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്തതുമാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. അഞ്ചു കൊല്ലം മുമ്പ് അഞ്ചു രൂപയിൽ താഴെ വിലയുണ്ടായിരുന്ന മത്സ്യ കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയായി വർദ്ധിച്ചു. സിലോപ്പിയ, വാള തുടങ്ങിയ മീനുകളാണ് കർഷകർ കൂടുതലായും കൃഷി ചെയ്തിരുന്നത്. സർക്കാർ ആനുകൂല്യം പ്രതീക്ഷിച്ച് കൃഷി ചെയ്ത കർഷകരിൽ ഭൂരിഭാഗം പേർക്കും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ഫിഷറീസ് വകുപ്പുകേന്ദ്രീകരിച്ച് ഒരു ലോബി തന്നെ പ്രവർത്തിക്കുന്നതായാണ് കർഷകരുടെ ആരോപണം.
വളർത്തു മത്സ്യകൃഷി വ്യാപകമായതോടെ പടുതായിക്കും തീറ്റയ്ക്കും കുഞ്ഞുങ്ങൾക്കും വലിയ തോതിൽ വില വർദ്ധിച്ചിരുന്നു. ബംഗാളിൽ നിന്നാണ് പ്രധാനമായും മത്സ്യകുഞ്ഞുങ്ങൾ കേരളത്തിലെ ഫാമുകളിലേക്ക് എത്തിക്കുന്നത്. ഇവയെ വൃത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ട് വിൽപ്പനയ്ക്കും തടസമാകുന്നുണ്ട്. മത്സ്യകൃഷിക്ക് പ്രോത്സാഹനം നൽകുമെന്ന് പറഞ്ഞ ഫിഷറീസ് വകുപ്പ് മത്സ്യകുഞ്ഞുങ്ങളെ കർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. കട്ടിള, രോഹു, മൃഗാൾ തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെ മാത്രമാണ് ഇവർ നൽകിയത്. എന്നാൽ, ഇവയെ ചെറിയ കുളങ്ങളിൽ വളർത്താൻ സാധിക്കില്ല.
ഇവിടെയും ഇടനിലക്കാർ
ഇടനിലക്കാരുടെ ഇടപെടലാണ് വളർത്തു മത്സ്യങ്ങളുടെ വിലയിടിയാൻ പ്രധാനകാരണം. കടകളിൽ ഇത്തരം മത്സ്യങ്ങളുടെ വിലയിൽ ഇപ്പോഴും കുറവ് സംഭവിച്ചിട്ടില്ല, ഈ സാഹചര്യത്തിൽ ഫിഷറീസിന്റെ മത്സ്യ വിൽപ്പന കേന്ദ്രങ്ങൾവഴി കർഷകരുടെ മത്സ്യം സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം
വിലനിലവാരം (ഹോൾസെയിൽ വില)
വാള: 50 രൂപ (പഴയവില 100 രൂപ)
തിലോപ്പിയ: 80 രൂപ (150 രൂപ)
അനാബസ്: 100 രൂപ (150രൂപ )
റെഡ് ബെല്ല്: 100 രൂപ (150രൂപ)