പാലാ: ജനറൽ ആശുപത്രിക്കായി നിർമ്മിച്ച ഡയഗണോ സ്രറിക് സെന്റർ, ഒ.പി ബ്ലോക്ക്, കാത്ത് ലാബ് ബ്ലോക്ക് എന്നീ ബഹുനില മന്ദിരങ്ങൾ പ്രവർത്തനസജ്ജമാക്കി രോഗികൾക്കായി തുറന്നുകൊടുക്കാൻ പുനസംഘടിപ്പിക്കപ്പെട്ട ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം നടപടി സ്വീകരിച്ചു.
ആശുപത്രിയിലെ വിവിധ തസ്തികകളും ആധുനിക ഉപകരണങ്ങൾ മാറ്റിയതും ആശുപത്രി വികസന സമിതി പുനഃസംഘടിപ്പിക്കാത്തതും യോഗം ചേരാത്തതും സംബന്ധിച്ച് ' കേരളകൗമുദി ' കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇതേ തുടർന്ന് പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഇടപെട്ട് അടിയന്തരമായി ആശുപത്രി വികസന സമിതി യോഗം വിളിക്കുകയായിരുന്നു.
കിഫ്ബി ഫണ്ടിൽ നിന്നും ലഭിച്ചിരുന്നതും ഇവിടെ നിന്നും മാറ്റിയതുമായ ഡയാലിസിസ് മെഷീനുകൾ തിരികെ എത്തിച്ച് ഇവിടെ സ്ഥാപിക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും യോഗം തീരുമാനിച്ചു.
പുതിയ ഒ.പി ബ്ലോക്കിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തി. കാൻസർ വിഭാഗത്തിൽ റേഡിയോ തെറാപ്പി ചികിത്സാ സൗകര്യം കൂടി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും: സ്‌കിൻ, സൈക്യാടി ചികിത്സാ വിഭാഗങ്ങൾ തിരികെ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പിനെ സമീപിക്കും.ഫോറൻസിക് വിഭാഗം ആരംഭിച്ച് പോസ്റ്റ് മാർട്ടം തുടങ്ങുന്നതിന് തുടർനടപടി സ്വീകരിക്കും.
ഡയഗണോ സ്രറിക് സെന്ററിൽ അവശ്യമായ ആധുനിക രോഗനിർണ്ണയ ഉപകരണങ്ങൾക്കായി അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിനും നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഫിസിക്കൽ മെഡിസിൻ ആൻഡ് റീ ഹാബിലിറ്റേഷൻ ചികിത്സാ വിഭാഗത്തിൽ കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കി കൂടുതൽ പേർക്ക് ചികിത്സ ഉറപ്പുവരുത്തും.
യോഗത്തിൽ മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ സിജി പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ,നീന ചെറുവള്ളി, വാർഡ് കൗൺസിലർ ബിജിജോജോ, ടോബിൻ കണ്ടനാട്ട്, ജയ്‌സൺ മാന്തോട്ടം, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, അർ എം.ഒ ഡോ.സോളി പി.മാത്യു, അശോക് കുമാർ, കെ.എസ്. ബൈജു, കെ.കെ.മിന്നി, കെ.എച്ച്. ഷെമി എന്നിവർ പങ്കെടുത്തു.