കട്ടപ്പന: കേരളത്തിൽ സർക്കാരുകൾ മാറി മാറി വരുന്ന സമ്പ്രദായം മാറുകയാണെന്നും എൽ.ഡി.എഫ്. സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയി വിശ്വം എം.പി. എൽ.ഡി.എഫ്. തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കട്ടപ്പനയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ തിരിച്ചറിഞ്ഞ ജനം ഭരണത്തുടർച്ച നൽകും. ജനങ്ങളുടെ സുരക്ഷിത താവളമായി കേരളം മാറിക്കഴിഞ്ഞു. എൽ.ഡി.എഫ്. സർക്കാർ മാത്രമാണ് യുവജനങ്ങളെ മാനിച്ചത്. സർവ മേഖലകളിലും വികസനം എത്തിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഇപ്പോൾ നടക്കുന്ന ഉദ്യോഗാർത്ഥികളുടെ സമരം മറയാക്കി യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പതിറ്റാണ്ടുകളായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുമ്പോൾ സർക്കാർ എന്തോ അപരാധം ചെയ്തപോലെ പ്രചരിപ്പിക്കുകയാണ്. യു.ഡി.എഫും ബി.ജെ.പിയും ഉദ്യോഗാർത്ഥികളെ തെറ്റദ്ധരിപ്പിച്ചു. സമരം നടത്തുന്നവരെ സർക്കാർ കുറ്റപ്പെടുത്തില്ല. എന്നാൽ മറ്റുള്ളവരുടെ കളിപ്പാവകളായി മാറരുത്. പ്രശ്ങ്ങൾ കുത്തിപ്പൊക്കാനല്ല, പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അൽപ്പം വൈകിയാലും എൽ.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തുമ്പോൾ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും ബിനോയി വിശ്വം പറഞ്ഞു.