കട്ടപ്പന: ആർ.എസ്.എസ്. വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രം സവർണരുടേതാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ. എൽ.ഡി.എഫ്. തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കട്ടപ്പനയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അനുഭവിച്ച ഹിന്ദുക്കൾ ആർ.എസ്.എസിന്റെ പട്ടികയിലില്ല. അവർണർ ഹിന്ദുക്കളല്ലെന്നാണ് അവരുടെ നിലപാട്. കോർപറേറ്റുകളെ വളർത്തുകയാണ് കേന്ദ്ര സർക്കാർ. അതുകൊണ്ടാണ് ഏറ്റവുമധികം ധനികരും ദരിദ്രരും ഇന്ത്യയിലുള്ളത്. എന്നാൽ കേരളത്തെ മറ്റുള്ളവർ മാതൃകയാക്കുന്നു. എല്ലാവിധ ഗുണമേന്മയോടും കൂടി ജനം ജീവിക്കുന്നത് കേരളത്തിലാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.