മണിമല: സംസ്ഥാന ഫോക്‌ലോർ അക്കാഡമി മണിമലയിൽ നിർമ്മിച്ച ട്രാവൻകൂർ ഫോക് വില്ലേജ് മന്ത്രി എ.കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂറിലെ അന്യംനിന്നു പോകുന്ന നാടൻ കലകളുടെ സംരക്ഷണവും പ്രചാരണവുമാണ് ഫോക് വില്ലേജിലൂടെ ലക്ഷ്യമിടുന്നത്.
മണിമലയിൽ ചേർന്ന പൊതുസമ്മേളനം ഡോ.എൻ ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഫോക് ലോർ മ്യൂസിയം,ലൈബ്രറി, പ്രസിദ്ധീകരണ വിഭാഗം, പെർഫോർമെൻസ് തിയറ്റർ, പരിശീലനത്തിനുള്ള ക്ലാസ് മുറികൾ എന്നിവയാണ് വില്ലേജിൽ പ്രവർത്തിക്കുക. നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് അക്കാദമി ഈ കേന്ദ്രത്തിലൂടെ നടപ്പിലാക്കുക. തെക്കൻ കേരളത്തിലെ പ്രധാന കലാരൂപങ്ങളായ മുടിയേറ്റ്, പടയണി, അർജുന നൃത്തം എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ. ആദിവാസി കലകൾക്കും പ്രാമുഖ്യം നൽകും.