
എസ്.എച്ച്.ഒയ്ക്ക് എതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു
മുണ്ടക്കയം: അഴിമതിക്കേസിൽ അറസ്റ്റിലായ മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ വി. ഷിബുകുമാറിന് വീക്ക്നെസ് അരലക്ഷം രൂപ..! 50,000 രൂപയിൽ കുറഞ്ഞ കൈക്കൂലി ഇദേഹം വാങ്ങിയിരുന്നില്ല എന്നാണ് വിജിലൻസ് സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഫെബ്രുവരി 15 നാണ് മുണ്ടക്കയം എസ്. എച്ച്.ഒ കൊല്ലം ശാസ്താംകോട്ട പോരുവഴി വിശാഖം വീട്ടിൽ വൈരവൻ ചെട്ടിയാർ മകൻ വി.ഷിബുകുമാർ (46), സ്റ്റേഷനിലെ ക്യാന്റീനിന്റെ കരാറുകാരൻ മുണ്ടക്കയം വട്ടോത്തുകുന്നേൽ വി.വി ജോസഫ് സുദീപ് ജോസ് (39) എന്നിവരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരെ പാല സബ് ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. പിന്നാലെ ഷിബുകുമാറിനെ
സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൗത്ത് സോൺ ഐ.ജി ഹർഷിത അട്ടല്ലൂരിയാണ് വകുപ്പുതല നടപടിയെടുത്തത്. തുടർനടപടികളുടെ ഭാഗമായി ഷിബുകുമാറിനെതിരെ അന്വേഷണം നടത്തുന്നതിന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഷീൻ തറയിലിനെ നിയോഗിച്ചു.
അര ലക്ഷം വീക്ക്നസ്
തിങ്കളാഴ്ച വൈകിട്ടോടെയാണ് അച്ഛനും മകനും തമ്മിലുള്ള കേസിൽ മകനെ രക്ഷിക്കുന്നതിനായി അൻപതിനായിരം രൂപ സി.ഐ കൈക്കൂലി വാങ്ങിയത്. 2019 ൽ കഴക്കൂട്ടം സി.ഐ ആയിരിക്കെ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയും ഷിബുകുമാർ പിടിയിലായിരുന്നു. വാദിയിൽ നിന്നും പ്രതിയിൽ നിന്നും ഒരു പോലെ കൈക്കൂലി വാങ്ങിയിരുന്ന സി.ഐ എന്നാണ് ഷിബുവിനെതിരെ വകുപ്പിലുണ്ടായിരുന്ന സംസാരം. കൈക്കൂലി വിലപേശി വാങ്ങുന്നതിനായി പൊലീസുകാരും ഗുണ്ടകളും അടങ്ങുന്ന സംഘം തന്നെ ഷിബുവിന് കൂട്ടാളികളായി ഉണ്ടായിരുന്നു. ഏത് കേസും ഒതുക്കിത്തീർക്കാൻ 50,000 രൂപ മാത്രം മതിയായിരുന്നു ഇദേഹത്തിന് എന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ആരോപണങ്ങളിൽ സ്ത്രീ വിഷയവും
നിരവധി അഴിമതി, സ്ത്രീവിഷയ ആരോപണങ്ങളും നേരത്തെ തന്നെ സി.ഐയ്ക്കെതിരെ ഉയർന്നിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്റ്റേഷനിൽ മാസ്ക് നിർമ്മിക്കുകയും ഇതിനായി എത്തിയ സ്ത്രീയുമായി വഴി വിട്ട ബന്ധം സ്ഥാപിക്കുകയും ചെയ്തത് വിവാദത്തിനു ഇടയാക്കിയിരുന്നു. ഇതു സംബന്ധിച്ചു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും നിലവിലുണ്ടായിരുന്നു. ഇതിനിടെ പൊലീസിന്റെ ക്യാന്റീനിലേയ്ക്ക് പല കടകളിൽ നിന്നും സൗജന്യമായി ലക്ഷങ്ങളുടെ പലചരക്കും പച്ചക്കറികളുമാണ് സി.ഐ വാങ്ങിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പണം ചോദിയ്ക്കുന്ന കടകൾക്കു മുന്നിൽ പൊലീസ് വാഹനം നിർത്തിയിട്ട് വാഹന പരിശോധന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ ക്യാന്റിൻ നിർമ്മാണത്തിനായി സിമന്റും കട്ടയും മണലും എല്ലാം മുണ്ടക്കയത്തെ കട ഉമടകളെ വിരട്ടിയാണ് വാങ്ങിയിരുന്നതെന്നും പരാതിയുണ്ട്.
കടയും പൂട്ടിച്ച് കേസെടുത്തു
മുണ്ടക്കയത്തുണ്ടായ അപകടമരണക്കേസ് ഒത്തു തീർപ്പാക്കുന്നതിനു പ്രതിഫലമായി പൊലീസ് ക്യാന്റീൻ പ്രതിയെക്കൊണ്ട് കോൺക്രീറ്റ് ചെയ്യിക്കുകയായിരുന്നു. പൊലീസിന്റെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗജന്യമായി മാസ്ക് തയ്ക്കാൻ 250 മീറ്റർ തുണി സി ഐ ചോദിച്ചിരുന്നു. ഈ തുണി നൽകിയതിന് പണം ചോദിച്ച കട സി.ഐ മുൻകൈ എടുത്ത് അടച്ച് പൂട്ടിച്ചതായും പരാതിയുണ്ട്. കൊവിഡ് മാനദണ്ഡം ലഘിച്ചതായി ആരോപിച്ചാണ് കട അടച്ചു പൂട്ടിച്ചത്. നിസാര പ്രശ്നവുമായി സ്റ്റേഷനിൽ എത്തുന്ന പരാതികളിൽ പോലും കക്ഷികളെ അകത്താക്കുമെന്ന് പറഞ്ഞ് വിരട്ടി ലക്ഷങ്ങളാണ് കൈക്കൂലിയായി വാങ്ങിയിരുന്നതെന്നും ആരോപണമുണ്ട്.
പണി തെറിക്കും
മൂന്ന് വർഷത്തിനിടെ രണ്ടുതവണ കൈക്കൂലി കേസിൽ അറസ്റ്റിലാലായ ഷിബുകുമാറിനെ സർവീസിൽ നിന്നും പിരിച്ച് വിട്ടേയക്കും.
ഇതിനു മുന്നോടിയായാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഷീൻ തറയിലിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം നടക്കുന്നത്. മൂന്ന് വർഷത്തിനിടെ കൈക്കൂലി കേസിൽ ഒരു ഉദ്യോഗസ്ഥൻ പിടിയിലാകുന്നത് സംസ്ഥാന പൊലീസ് സേനയിൽ തന്നെ ആദ്യമായാണ്. ഈ സാഹചര്യത്തിൽ പിരിച്ചു വിടും എന്ന് തന്നെയാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.