cow

കോട്ടയം: കൊവിഡും ലോക്ഡൗണും കാരണം നീണ്ടുപോയ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് അടുത്തയാഴ്ച തുടങ്ങും. മഹാമാരിക്കിടയിൽ മറ്റെല്ലാ മേഖലയിലും ഉണ്ടായ സ്തംഭനമാണ് പ്രതിരോധ കുത്തിവയ്പ്പിനെയും ബാധിച്ചത്. ഇതോടെ കന്നുകാലികൾക്കുള്ള രോഗപ്രതിരോധ കുത്തിവെയ്പ്പ് ഭൂരിഭാഗം പ്രദേശങ്ങളിലും നടന്നിട്ടില്ല. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ഒരു വർഷം പിന്നിട്ടതോടെ ആശങ്കയിലാണ് കന്നുകാലി കർഷകരും.

മുമ്പ് ആറുമാസത്തിലൊരിക്കലാണ് കുത്തിവയ്പ് നൽകിയിരുന്നത്. എന്നാൽ, കൊവിഡ് കാലത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിൽ കാലതാമസം വന്നു. പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയതോടെ കുളമ്പുരോഗം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ വൈക്കം ഉദയനാപുരത്ത് ചില കർഷകരുടെ പശുക്കൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വിഭാഗം അറിയിച്ചു. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.

ടാഗുകളെത്തി

മൃഗങ്ങളുടെ കാതിൽ ഇടാനുള്ള ടാഗുകൾ എത്തിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. കുത്തിവയ്പ്പിന് ആവശ്യമായ സിറിഞ്ച്, നീഡിൽ എന്നിവയും എത്തി. ഇത്തവണ ആടുകൾക്കും വാക്‌സിൻ നടത്തുമെന്ന് അധികൃതർ പറഞ്ഞു. ഇക്കുറി കൂടുതൽ കന്നുകാലികൾക്ക് വാക്‌സിൻ നടത്തേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ ഒരുലക്ഷത്തോളം ആടുകൾക്ക് വാക്‌സിൻ നൽകും. കഴിഞ്ഞതവണ ജില്ലയിൽ 77968 കന്നുകാലികൾക്കും 6787 പന്നികൾക്കും, 1547 പശുക്കിടാക്കൾ വാക്‌സിൻ നൽകി. നിലവിൽ ജില്ലയിൽ പശു 81059, പോത്ത് 6163, ആട് 94977 എന്നിവയുടെ ആകെ എണ്ണത്തിൽ 80 ശതമാനത്തിനും വാക്‌സിനേഷൻ നൽകും. കൊവിഡ് കാലത്ത് കൂടുതൽ കന്നുകാലി, പോത്ത്, ആട് തുടങ്ങിയ വളർത്താൻ തുടങ്ങിയിരുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് പൊതുവേ വാക്‌സിനേഷൻ നടത്തിയിരുന്നത്. വാക്‌സിനേഷനു ശേഷം കുറച്ചുകാലം പശുക്കളിൽ പാലുത്പാദനത്തിൽ കുറവുണ്ടാകും. ഒരു മാസത്തോളം പശുക്കളിൽ 40 ശതമാനത്തിലേറെ പാലുത്പാദനം കുറഞ്ഞതായി കർഷകർ പറയുന്നു. എന്നാൽ ഫെബ്രുവരിയിൽ കുത്തിവയ്പ് എടുക്കുന്നത് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കമെന്നും ഉഷ്ണകാലത്തിന്റെ തുടക്കമായതിനാൽ പാലുത്പാദനത്തിൽ കുറവുണ്ടാകാമെന്ന് കർഷകർ പറയുന്നു.

കൊവിഡ് പ്രതിസന്ധിയാണ് കുത്തിവെയ്പ്പ് നീളാൻ ഇടയാക്കിയത്. ഈ മാസം 15 ന് ആരംഭിക്കാനിരുന്ന പ്രതിരോധ കുത്തിവെയ്പ്പ് ഒരാഴ്ച്ച കൂടെ നീളും

ഷാജി പണിക്കശേരി

ജില്ലാ മൃഗസംരക്ഷണ ഓഫീസർ