
കോട്ടയം: പാലാ സീറ്റ് നിഷേധിച്ചത് ഉയർത്തി മാണി സി. കാപ്പൻ സഹതാപ തരംഗം ഉണ്ടാക്കാൻ നടത്തുന്ന നീക്കം പൊളിക്കാൻ പാലായിൽ പദയാത്രയ്ക്ക് ഒരുങ്ങി ജോസ് കെ. മാണി. 21 മുതൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പദയാത്ര. മുന്നണി മാറ്റത്തിലൂടെ കാപ്പൻ രാഷ്ട്രീയ വഞ്ചനകാട്ടി എന്ന് വരുത്തിത്തീർക്കുകയാണ് ജോസിന്റെ ലക്ഷ്യം.
പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കാപ്പനെന്ന് ഐശ്വര്യ കേരളയാത്രയിൽ നേതാക്കൾ പ്രഖ്യാപിച്ചതോടെ എൻ.സി.പിയിൽ നിന്നു പുറത്താക്കിയതും സിറ്റിംഗ് സീറ്റ് നിഷേധിച്ചതും സഹതാപമാക്കാൻ കാപ്പൻ കളത്തിലിറങ്ങി. ഇതോടെയാണ് ഇടതു മുന്നണി സീറ്റ് പ്രഖ്യാപനത്തിനു മുമ്പേ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പദയാത്രയ്ക്ക് ജോസും ഇറങ്ങിയത്. പാലായ്ക്കു പകരം ജോസ് കടുത്തുരുത്തിയിലായിരിക്കും മത്സരിക്കുകയെന്ന് ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണത്തിന്റെ മുനയൊടിക്കാൻ കൂടിയാണ് രാഷ്ട്രീയ പ്രചാരണ പദയാത്ര. ജോസിനെ പരിഹസിച്ച് കാപ്പൻ നടത്തിയ ജൂനിയർ മാൻഡ്രേക്ക് , പോപ്പ് പ്രയോഗത്തിൽ പ്രതികരിക്കാതെ വോട്ടാക്കാനുള്ള ശ്രമമാണ് ജോസ് നടത്തുന്നത്.
ഇടതുമുന്നണി വികസനം അട്ടിമറിച്ചുവെന്ന് യു.ഡി.എഫ് നേതാക്കൾ പ്രസംഗിക്കുന്നതിനിടയിൽ ഒന്നേകാൽ വർഷത്തിനുള്ളിൽ 500 കോടിയുടെ വികസനം പാലായിൽ നടത്തിയ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് കാപ്പൻ പ്രസംഗിച്ചു. ഇതിൽ നേതാക്കൾക്ക് നീരസമുണ്ടായെങ്കിലും ഇതു വരെ ഒപ്പം നിന്ന ഇടതു മുന്നണി പ്രവർത്തകരുടെ വോട്ടുനേടാനുള്ള തന്ത്രം കൂടിയായിരുന്നു കാപ്പൻ നടത്തിയത് .
മുന്നണി മാറ്റം കാപ്പൻ മുൻകൂട്ടി നിശ്ചയിച്ചതാണെന്ന പ്രചാരണം ഇടതു മുന്നണിയും ആരംഭിച്ചു .
"ഞങ്ങൾ അദ്ധ്വാനിച്ചാണ് കാപ്പനെ ജയിപ്പിച്ചത്. സീറ്റ് ചർച്ച ആരംഭിക്കും മുമ്പേ അനാവശ്യ വിവാദമുണ്ടാക്കി കാപ്പൻ യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തി സീറ്റ് ഉറപ്പിച്ചു. എൻ.സി.പിയിൽ നിന്ന് കാപ്പൻ മാത്രം രാജിവെച്ച് ഇടതു മുന്നണി വിട്ടതിനാലാണ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത്. കേരളകോൺഗ്രസിനെ (എം) യു.ഡി.എഫിൽ നിന്നു പുറത്താക്കിയതാണ്. അവരുടെ കൂടി വോട്ട് വാങ്ങി ജയിച്ച യു.ഡി.എഫ് എം.എൽ.മാർ ആദ്യം രാജിവെച്ചാൽ ജോസ് വിഭാഗം എം.എൽ.എമാരും കാപ്പൻ ആവശ്യപ്പെടുന്നതു പോലെ രാജിവെക്കും. "
വി.എൻ.വാസവൻ,
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി
.