thoranagal

വൈക്കം : എൽ.ഡി.എഫ് തെക്കൻ മേഖലാ വികസനമുന്നേ​റ്റ ജാഥയെ വരവേൽക്കാൻ വൈക്കം ഒരുങ്ങി. ബോർഡുകളും കൊടിതോരണങ്ങളും നഗരത്തിലാകമാനം നിറഞ്ഞു. നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരിച്ച് പഞ്ചായത്ത്, ബൂത്ത് കൺവെൻഷനുകളും വിളംബര ജാഥകളും പൂർത്തിയാക്കിയാണ് ജാഥയ്ക്ക് വരവേൽപ്പ് നൽകാൻ തയ്യാറെടുത്തിരിക്കുന്നത്. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന ജാഥയെ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മണ്ഡലം അതിർത്തിയായ തലയോലപ്പറമ്പ് സിലോൺ കവലയിൽ നിന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് വൈക്കം കച്ചേരിക്കവലയിൽ എത്തി മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ബോട്ട് ജെട്ടി മൈതാനിയിലെ സ്വീകരണ വേദിയിലേക്ക് ആനയിക്കും. തുടർന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനത്തിൽ സ്വാഗതസംഘം പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.സുഗതൻ സ്വാഗതം ആശംസിക്കും. ജാഥാംഗങ്ങളായ സി.പി.എം കേന്ദ്ര കമ്മി​റ്റി അംഗം എംവി ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന എക്‌സി. അഡ്വ. പി വസന്തം, തോമസ് ചാഴികാടൻ എം.പി, സാബു ജോർജ്, വർക്കല ബി രവികുമാർ, മാത്യൂസ് കോലഞ്ചേരി , വി. സുരേന്ദ്രൻ പിള്ള, എം.വി.മാണി,പ്രൊഫ. ഷാജി കടമല, ജോർജ് അഗസ്​റ്റിൻ എന്നിവർ പ്രസംഗിക്കും.