
കോട്ടയം: ലോക്ക് ഡൗൺകാലത്ത് മലയാളിയുടെ അടുക്കളകളെ സമ്പന്നമാക്കിയ ചക്ക ഇക്കുറി കിട്ടാനില്ല. ചക്ക സീസണായെങ്കിലും കാലാവസ്ഥ പണി കൊടുത്തപ്പോൾ ചക്കയില്ലാ പ്ളാവുകളാണ് ജില്ലയിൽ ഏറെയും. അതോടെ വില കൂടുകയും ചെയ്തു.
നാട്ടിൽ മാത്രമല്ല, അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഇപ്പോൾ ചക്കയ്ക്ക് ആവശ്യക്കാർ ഏറെയാണ്. വില ഒരു പ്രശ്‌നമില്ലാത്ത തരത്തിലാണ് ആവശ്യക്കാരുടെ പ്രതികരണം. എല്ലാ വർഷവും നിറയെ കായ്ക്കുന്ന പ്ലാവുകളിൽ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമാണുണ്ടായതെന്ന് കർഷകർ പറയുന്നു. ഇത്തവണ ജില്ലയിൽ ചക്ക ഉത്പാദനത്തിൽ 30 ശതമാനത്തിന്റെ കുറവാണുണ്ടായത്. വരിക്കച്ചക്കയുടെ വില കുതിച്ചുയരുകയാണ്. ഡിസംബർ മുതൽ കച്ചവടക്കാർ വീടുകളിലെത്തി വില പറഞ്ഞ് ഉറപ്പിക്കുന്നതായിരുന്നു രീതിയെങ്കിൽ ഇപ്പോൾ മറുനാടുകളിലേയ്ക്കുള്ള ചക്കവണ്ടി കാണാൻ പോലുമില്ല.
 ചക്ക 'ജില്ല'
ഇടുക്കി കഴിഞ്ഞാൽ മദ്ധ്യതിരുവിതാംകൂറിൽ ഏറ്റവും അധികം ചക്ക ഉത്പാദിപ്പിക്കുന്ന ജില്ലയാണ് കോട്ടയം. ആലപ്പുഴ, എറണാകുളം ജില്ലകളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതും കോട്ടയത്ത് നിന്നാണ്. റബർ മരങ്ങൾ വെട്ടി കൂട്ടത്തോടെ പ്ളാവ് നട്ട് ചക്കവിഭവങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ തയ്യാറാക്കുന്നവർ വരെയുണ്ട്. ഇവരെയെല്ലാമാണ് പ്ളാവ് നിരാശരാക്കിയത്. ചക്ക ഉപ്പേരിയും കിട്ടാനില്ലെന്ന് മാത്രമല്ല ഉള്ളിടത്ത് തീവിലയുമായി.
 വില്ലനായത് വേനൽ മഴ
തുലാവർഷം അവസാനിക്കുന്ന സമയത്താണ് പ്ലാവിൽ ചക്ക പൊട്ടുന്നത്. എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നത് പൂവ് കൊഴിയാനിടയാക്കി. ഇതാണ് ഇത്തവണ ചക്ക ഉത്പാദനം കുറച്ചത്. മഴ മാറിയതോടെ ചിലയിടങ്ങളിൽ പ്ളാവ് വീണ്ടും പൂവിട്ട് തുടങ്ങിയിട്ടുണ്ട്.
 വില നിലവാരം:
ചക്ക കിലോയ്ക്ക് : 30 രൂപ
ഇടിച്ചക്ക ഒരെണ്ണം: 45
ചക്കക്കുരു കിലോയ്ക്ക് : 70
ചക്ക ഉപ്പേരി: കിലോയ്ക്ക് : 500
 ചക്കയ്ക്ക് സ്വദേശത്തും വിദേശത്തും പ്രിയംകൂടി
 എത്രയുണ്ടെങ്കിലും വാങ്ങാൻ കച്ചവടക്കാർ
 ഉത്പാദനത്തിൽ 30 ശതമാനത്തിന്റെ കുറവ്
 ഇക്കുറി ഒരു പ്ളാവിൽ ഒന്നോ രണ്ടോ ചക്ക മാത്രം