ksrtc

കോട്ടയം: കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗത്തിൽ അഡ്വെസ് മെമ്മോ ലഭിച്ച 16 ചേരമർ ക്രിസ്ത്യൻ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഇനിയും നിയമനമായില്ല. സംവരണതത്വം അനുസരിച്ച് 2015 ൽ സ്‌പെഷൽ റിക്രൂട്ട്‌മെന്റ് പ്രകാരം പരീക്ഷ നടത്തി 2017ൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ 24 പേരാണുണ്ടായിരുന്നത്. എല്ലാവർക്കും പി.എസ്.സി അഡ്വൈസ് മെമ്മോ അയച്ചു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയായതിനാൽ മൂന്നുവർഷമായി കെ.എസ്.ആർ.ടി.സി നിയമനം നൽകുന്നില്ല. ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടിയെടുത്തെങ്കിലും ഫലമുണ്ടായില്ല.

എന്നിട്ടും ആറ് ഉന്നതരെ നിയമിച്ചു!

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാത്ത കെ.എസ്.ആർ.ടി.സി അര ലക്ഷം രൂപ ശമ്പളത്തിൽ കഴിഞ്ഞ ഒക്ടോബറിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിലേയ്ക്ക് ആറും അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ തസ്തികയിലേയ്ക്ക് അഞ്ചും പേരെയാണ് നിയമിച്ചത്. മെക്കാനിക്കൽ വിഭാഗത്തിൽ നിന്നും മാത്രം കഴിഞ്ഞ വർഷം ഇരുപതോളം ജീവനക്കാർ വിരമിച്ചിട്ടുണ്ട്. ഈ വർഷം 30 പേർ കൂടി വിരമിക്കും. എന്നിട്ടാണ് 16 ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാത്തത്.

'റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 24 പേരിൽ എട്ടു പേർ മറ്റ് ജോലി തേടി പോയിട്ടുണ്ട്. ബാക്കിയുള്ള 16 പേരാണ് ജോലിക്കായി കാത്തിരിക്കുന്നത്. സർക്കാറിൽനിന്ന് നീതിയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.'

- മോബിൻ കെ ബേബി, ഒന്നാം റാങ്കുകാരൻ