police

കോട്ടയം: കൈക്കൂലിക്കേസിൽ സസ്പെൻഷനിലായ മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ഷിബുകുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ‌ഡിവൈ.എസ്.പി ഷീൻ തറയിലിന്റെ നേതൃത്വത്തിലാണ് ഇതിന്റെ ഭാഗമായുള്ള വകുപ്പ് തല അന്വേഷണം നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഷിബുകുമാറിനെയും കൂട്ടാളിയെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. ഷിബുകുമാർ ഇപ്പോൾ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

ജില്ലാ പൊലീസ് മേധാവി ഡി.ശില്‌പ, സൗത്ത് സോൺ ഐ. ജി ഹർഷിത അട്ടല്ലൂരിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇൻസ്പെക്ടറുടേത് ഗുരുതരമായ കുറ്റമെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രണ്ടു തവണ കൈക്കൂലിക്കേസിൽ പിടിയിലാകുന്ന ഉദ്യോഗസ്ഥന് സർവീസിൽ തുടരാൻ അർഹതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 മുൻപ് പുറത്തായത് ഷിബുവും ബിജുവും

ഗുരുതരമായ കൃത്യവിലോപം വരുത്തുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നതിനു മുന്നോടിയായി വകുപ്പ് തല അന്വേഷണം നടത്തി ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് സമർപ്പിക്കണം. നേരത്തെ കെവിൻ കേസിൽ വീഴ്‌ച വരുത്തിയ എസ്.ഐ എം.എസ് ഷിബുവിനെയും എ.എസ്.ഐ ടി.എം ബിജുവിനെയും പിരിച്ചു വിട്ടിരുന്നു. പിന്നീട്, കടുത്ത സമ്മർദത്തെ തുടർന്ന് എം.എസ് ഷിബുവിനെ തിരിച്ചെടുത്തെങ്കിലും ബിജു ഇപ്പോഴും പുറത്താണ്.