കോട്ടയം: കാർഷിക സേവന മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി വിജയപുരം പഞ്ചായത്ത് ബഡ്ജറ്റ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനീ സന്തോഷ് ബഡ്ജറ്റ് അവതരിപ്പിച്ചു. യോഗത്തിൽ പ്രസിഡന്റ് സോമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. അടുത്ത ഒരു വർഷംകൊണ്ടു പൂർത്തിയാക്കാൻ സാധിക്കുന്ന രീതിയിലുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമസഭകളിൽ നിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തിയാണ് ബഡ്ജറ്റ് തയാറാക്കിയിരിക്കുന്നത്. എല്ലാ വീടുകളിലും സൗരോർജ സെൽ സ്ഥാപിക്കുന്നതിനു തുക വകയിരുത്തിയിട്ടുണ്ട്. വീട്ടമ്മമാർക്ക് പശുവിതരണം, കന്നുകുട്ടി വിതരണം, മുട്ടക്കോഴി വിതരണം, ക്ഷീരവികസനം, പാലിയേറ്റീവ് കെയർ, ഖരമാലിന്യ നിർമ്മാർജനം, യുവജനങ്ങൾക്ക് ഫുട്‌ബോൾടർഫ്, വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.