
കോട്ടയം: മൂന്ന് ഘട്ടമായി ജില്ലയിൽ നടത്തിയ മന്ത്രിമാരുടെ സാന്ത്വന സ്പർശം അദാലത്തിലൂടെ നൽകിയത് 3.05 കോടി രൂപ. ഇന്നലെ വൈക്കം നാനാടം ആതുരാശ്രമം ഒാഡിറ്റോറിയത്തിൽ നടന്ന ആദാലത്തിൽ മന്ത്രിമാരായ പി. തിലോത്തമൻ, ഡോ. കെ.ടി. ജലീൽ എന്നിവരാണ് പരാതികൾ പരിഗണിച്ചത്.
ജില്ലയിലെ അഞ്ചു താലൂക്കുകളിലെ അദാലത്തുകളിൽ അപേക്ഷ നൽകിയ 2685 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ധനസഹായമായി ആകെ 3,05,36,000 രൂപ അനുവദിച്ചു. വൈക്കം താലൂക്കിൽനിന്ന് ലഭിച്ച 842 അപേക്ഷകളിൽ 86,61,000 രൂപയാണ് അനുവദിച്ചത്. തുക ഏതാനും ദിവസങ്ങൾക്കുള്ളിൽ അപേക്ഷകരുടെ അക്കൗണ്ടുകളിൽ എത്തുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.
ജില്ലയിലെ എല്ലാ താലൂക്കുകളിലുമായി റേഷൻ കാർഡിന് വേണ്ടി 500 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 341 പേർക്ക് കാർഡ് നൽകി. വൈക്കം താലൂക്കിൽ അപേക്ഷ നൽകിയ 103 പേരിൽ 88 പേർക്ക് റേഷൻ കാർഡ് നൽകി. മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട 6287 അപേക്ഷകളാണ് ജില്ലയിലെ അഞ്ച് താലൂക്കുകളിൽനിന്നായി ലഭിച്ചത്. ഇതിൽ 5182 എണ്ണത്തിൽ തീർപ്പു കൽപ്പിച്ചു. ശേഷിക്കുന്നവയിൽ ഉടൻ പരിഹാരം കാണുമെന്ന് മന്ത്രിമാർ പറഞ്ഞു.
അദാലത്തിന്റെ ഏകോപന ചുമതല ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനായിരുന്നു. കളക്ടർ എം. അഞ്ജനയും പരാതികൾ സ്വീകരിക്കുന്നതിൽ പങ്കുചേർന്നു. സബ് കളക്ടർ രാജീവ് കുമാർ ചൗധരി, എ.ഡി.എം ആശ സി. ഏബ്രഹാം, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.