പാലാ ടൗൺ ബസ് സ്റ്റാന്റ് കീഴടക്കി സാമൂഹ്യവിരുദ്ധർ
പാലാ: ടൗൺ ബസ് സ്റ്റാന്റിൽ വീണ്ടും തമ്മിലടി. തടസം പിടിക്കാനെത്തിയ പൊലീസിനോട് വാക്കേറ്റവും. വിവരമറിഞ്ഞ ഉന്നതാധികാരികൾ സ്റ്റാന്റിലെ പ്രശ്‌നം അവരുതന്നെ തീർക്കട്ടെയെന്ന നിലപാടിലും.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ടൗൺ ബസ് സ്റ്റാന്റിൽ രണ്ടുപേർ തമ്മിൽ ഏറ്റുമുട്ടിയത്. ഇതിനിടെ ഒരാൾ കുപ്പി പൊട്ടിച്ച് മറ്റേയാളെ കുത്താനൊരുങ്ങി. സ്ത്രീകൾ ഉൾപ്പെടെ നിരവധി യാത്രക്കാർ നോക്കി നിൽക്കേയായിരുന്നു സംഭവം.
ഇതിനിടെ സ്റ്റാന്റിലെ വ്യാപാരി എയ്ഡ് പോസ്റ്റിലുള്ള പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയതോടെ അടിപിടിയുണ്ടാക്കിയ ഒരാൾ ഓടിമാറി. മറ്റേയാൾ സ്റ്റാന്റിലെ വെയിറ്റിംഗ് ഷെഡിൽ നിന്നു. ബഹളമുണ്ടാക്കാതെ വേഗം വീട്ടിൽപോകാൻ വെയിറ്റിംഗ്‌ഷെഡിൽ നിന്നയാളോട് സ്ഥലത്തെത്തിയ എ.എസ്.ഐ നിർദ്ദേശിച്ചു. ഇതുകണ്ട് ഓടിയെത്തിയ യുവാവ് പൊലീസിനോട് കയർത്തു. അടിയുണ്ടാക്കിയ ആളോട് വീട്ടിൽപോകാൻ നിർദ്ദേശിക്കാൻ പൊലീസിന് അധികാരമില്ലെന്നുമായിരുന്നു യുവാവിന്റെ നിലപാട്. യുവാവ് ശബ്ദം ഉയർത്തിയതോടെ പോലീസ് പിൻവലിഞ്ഞു. ഉടൻ സ്ഥലത്തെത്തിയ ട്രാഫിക് എസ്.ഐയോടും യുവാവ് തട്ടിക്കയറി. ഇതിനിടെ യാത്രക്കാരിൽ ഒരാൾ പാലാ സി.ഐ. സുനിൽ തോമസിനെ വിവരമറിയിച്ചു. ട്രാഫിക് പൊലീസല്ലേ അവിടെയുള്ളത്, അവർ വേണമെങ്കിൽ നടപടിയെടുക്കട്ടെ എന്നായിരുന്നു സി.ഐയുടെ ഒഴുക്കൻ മട്ടിലുള്ള മറുപടി. ഇതിനിടെ യുവാവ് വീണ്ടും പൊലീസിനു നേരെ തിരിഞ്ഞു. സഹികെട്ട പൊലീസ് ഒടുവിൽ ബസ് സ്റ്റാന്റിൽ നിന്നും സ്ഥലം കാലിയാക്കി.
പതിവായി... വീണ്ടും
ഒരു ഇടവേളയ്ക്ക് ശേഷം ടൗൺ ബസ് സ്റ്റാന്റിൽ സംഘർഷങ്ങളും കൈയേറ്റങ്ങളും അസഭ്യവർഷങ്ങളും പതിവായിരിക്കുകയാണ്. മദ്യപാനികളെ കണ്ട് സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഓടി രക്ഷപ്പെടുകയാണിപ്പോൾ. സ്റ്റാന്റിലെ വ്യാപാരികൾക്കും സാമൂഹ്യവിരുദ്ധരിൽ നിന്നുള്ള ശല്യം രൂക്ഷമാണ്. രണ്ടുദിവസം മുമ്പ് മദ്യപിച്ച് ലെവലില്ലാതെയെത്തിയ ഒരു മദ്യവയസ്‌കൻ പൊലീസ് എയ്ഡ് പോസ്റ്റിന്റെ കവാടത്തിൽ തന്നെ വീണുകിടന്നു.
നിലവിൽ സ്റ്റാന്റിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കുപോലും സാമൂഹ്യവിരുദ്ധരിൽ നിന്നും രക്ഷയില്ലാത്ത അവസ്ഥയാണ്. മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും ഒരു കാര്യവുമില്ലെന്ന തിരിച്ചറിവിലാണ് സ്റ്റാന്റിലെത്തുന്ന യാത്രക്കാരും വ്യാപാരികളും. സാമൂഹ്യവിരുദ്ധ ശല്യത്തെക്കുറിച്ച് കോട്ടയം പൊലീസ് ചീഫിനും, ഡി.ജി.പിയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് വ്യാപാരികളും യാത്രക്കാരും.