മത്സ്യതൊഴിലാളികൾക്ക് ദുരിതം,​ വിനോദസഞ്ചാരമേഖലയ്ക്ക് ഭീഷണി

കുമരകം: ഈ തോട്ടിലൂടെ വള്ളവും ബോട്ടുമൊക്കെ എങ്ങനെ മുന്നോട്ട് നീങ്ങും! കുമരകത്തെ വിനോദസ‌ഞ്ചാരമേഖലയിൽ ജോലി ചെയ്യുന്നവരും ഉപജീവനത്തിനായി പണിയെടുക്കുന്ന മത്സ്യതൊഴിലാളികളുമൊക്കെ ആശങ്കയിലാണ്. കുമരകത്തെ ബോട്ട് ജെട്ടി തോട്ടിലുൾപ്പെടെ പോള ശല്യം രൂക്ഷമാകുകയാണ്. കൊവിഡിൽ നിന്നും കരയറികൊണ്ടിരിക്കുന്ന കുമരകത്തെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാവുകയാണ് തോട്ടിൽ തിങ്ങിനിറഞ്ഞ പോള. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതി പോള നീക്കം ചെയ്യുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതികളൊന്നും ഫലവത്തായില്ല. ജില്ലാ പഞ്ചായത്തിൽ നിന്നും എത്തിച്ച പോളവാരൽ യന്ത്രം കഴിഞ്ഞ ഒരു വർഷമായി ചന്തത്തോട്ടിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതിന് വാടകയിനത്തിനും മറ്റുമായി പഞ്ചായത്തിൽ നിന്നും 70000 രൂപ ജില്ല പഞ്ചായത്തിന് നൽകിയിരുന്നു. മാസങ്ങൾക്ക് മുൻപ് പോള ശല്യം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൗസ് ബോട്ട് ഉടമകളുടെയും മത്സ്യത്തൊഴിലാളികളുടെയും സഹകരണത്തോടെ തോടുകളിലേക്ക് പോള കയറാതിരിക്കാൻ കായൽ പ്രവേശന കവാടത്തിൽ വേലി നിർമ്മിക്കാൻ പദ്ധതി പ്രഖ്യാപിച്ചു. 10000 രൂപ പഞ്ചായത്തും ബാക്കി തുക പുറമേ നിന്നും കണ്ടെത്താനായിരുന്നു തീരുമാനം. എന്നാൽ മാസങ്ങൾ പലതും പിന്നിട്ടിട്ടും പ്രവേശന കവാടത്തിൽ തടസവേലി ഉയർന്നില്ല.

മലിനജലം

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചിട്ടിരിക്കുന്നതിനാൽ നീരൊഴുക്ക് നിലച്ച് പോള ചീഞ്ഞഴുകി ജലം മലിനമായി കൊണ്ടിരിക്കുന്നു. ഇതോടെ കായലിൽ തൊഴിലെടുക്കുന്നവർക്ക് ത്വക്ക് രോഗം ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടുന്നുണ്ട്. ഈ ദുരവസ്ഥക്കെതിരെ പ്രതികരിക്കാൻ പരിസ്ഥിതി പ്രവർത്തകർ പോലും മുന്നിട്ടിറങ്ങിയിട്ടില്ല.