വൈക്കം : പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാരിന് സാധിച്ചെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തിൽ സാന്ത്വന സ്പർശം അദാലത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിത സാഹചര്യങ്ങൾ അതിജീവിക്കുന്നതിനും പൊതുവായ വികസന ക്ഷേമപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ സമാനതകളില്ലാത്തതാണ്. ജനങ്ങളുടെ സംരക്ഷണത്തിനായി ഇതുപോലെ ഉണർന്ന് പ്രവർത്തിച്ച മറ്റൊരു സർക്കാരില്ല. ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ തരണം ചെയ്യുന്നതിന് ചികിത്സയും ഭക്ഷണവും ജീവിത സുരക്ഷിതത്വവും ഉറപ്പാക്കിയതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് സർക്കാർ ഭരണ കാലഘട്ടം പൂർത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം.അഞ്ജന അദാലത്ത് നടപടികൾ വിശദീകരിച്ചു.
സാന്ത്വനമറിഞ്ഞ് സന്ധ്യ
ശരീരം തളർന്ന് വീൽ ചെയറിലായ ബ്രഹ്മമംഗലം സ്വദേശി കെ.ടി സന്ധ്യ ചികിത്സാ സഹായത്തിനൊപ്പം തനിക്ക് ചെയ്യാവുന്ന എന്തെങ്കിലും തൊഴിൽ ലഭിക്കുമോ എന്നറിയാനാണ് അമ്മയ്‌ക്കൊപ്പം അദാലത്തിനെത്തിയത്. എട്ടാം ക്ലാസിൽ പഠിക്കമ്പോൾ പനി ബാധിച്ചതിനെത്തുടർന്ന് കാലുകൾ തളരുകയായിരുന്നു. പിന്നീട് പത്താം ക്ലാസ് വരെ വീട്ടിൽ ഇരുന്നാണ് പഠിച്ചത്. അംഗപരിമിതർക്കുള്ള ക്ഷേമ പെൻഷൻ കൊണ്ടാണ് 39കാരിയായ ബ്രഹ്മമംഗലം കുടകുത്തും പറമ്പിൽ സന്ധ്യ ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സയുടെ ചെലവുകൾ വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചതിനൊപ്പം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി നൽകുന്നതിനുള്ള സാധ്യത പരിഗണിക്കുമെന്നും അദാലത്തിൽ അറിയിച്ചു.
പാത്തുമ്മയുടെ ആടിലെ
ഖദീജയും എത്തി
തലയോലപ്പറമ്പിലെ പള്ളിയുടെ കെട്ടിടത്തിന് സർക്കാർ അംഗീകാരം ലഭ്യമാക്കണമെന്ന അപേക്ഷയുമായാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് നോവലിലെ കഥാപാത്രമായ ഖദീജ അദാലത്തിലെത്തിയത്. അപേക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കുന്നതിന് പഞ്ചായത്ത് വകുപ്പ് അധികൃതരെ മന്ത്രി ചുമതലപ്പെടുത്തി.