കുറവിലങ്ങാട്: 2019-20 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്. കോട്ടയം ജില്ലയിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. 10 ലക്ഷം രൂപയാണ് അവാർഡ് തുക. പഞ്ചായത്തിന്റെ പദ്ധതി വിഹിതം പൂർണമായി വിനിയോഗിച്ചു, എസ് സി ,എസ് റ്റി വിഹിതം നൂറ് ശതമാനം വിനിയോഗിച്ചു, പഞ്ചായത്ത് പ്ലാൻ ഫണ്ടിന്റെ 80 ശതമാനം തുകയും ചെലവഴിച്ചു. ക്ഷീരസമൃദ്ധി പദ്ധതിയിൽ പശു വളർത്തലും ക്ഷീരകർഷകർക്ക് പാലിന് അധിക വിലയും, മാംസത്തിന്റെ ഉത്പാദന വർദ്ധനവിന് പോത്ത് വളർത്തൽ, ആട് ഗ്രാമം പദ്ധതി, മുട്ടഗ്രാമം പദ്ധതിയിൽ 200000 കോഴിക്കുഞ്ഞുങ്ങൾ, കർഷകർക്ക് 50 ശതമാനം സബ്‌സിഡയോട് കൂടി വളം വിതരണം, കാർഷിക മേഖലയിൽ പച്ചക്കറിയ്ക്കും കാർഷിക വിളകൾക്കും കൂലിച്ചിലവ് സബ്‌സിഡി, മാതൃകാ പദ്ധതിയായ ഹരിതഭവനം പദ്ധതി എന്നിവ നടപ്പാക്കിയതിനാണ് പുരസ്കാരം. പഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങളുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് ജില്ലയിലെ ഒന്നാം സ്ഥാനമെന്ന് കഴിഞ്ഞ ഭരണസമിതിയ്ക്ക് നേതൃത്വം വഹിച്ച പി സി കുര്യൻ പറഞ്ഞു.