കോട്ടയം: കേരളത്തിൽ യു.ഡി.എഫ് തകർച്ചയുടെ വക്കിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പോടെ ആ തകർച്ച പൂർണമാകും. എൽ.ഡി.എഫിന്റെ തെക്കൻ മേഖല ജാഥയുടെ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിനെ താഴെയിറക്കാനുള്ള സമരത്തിന്റെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന സമരങ്ങൾ. ഇത് ജനം തിരിച്ചറിയും. കേരളത്തിൽ യു.ഡി.എഫ് കഴിഞ്ഞ അഞ്ചു വർഷം ചെയ്‌തത് എന്താണ് എന്നു ജനത്തിനറിയാം. സംസ്ഥാനം നേരിട്ട പ്രതിസന്ധികളിലെല്ലാം കോൺഗ്രസും - ബി.ജെ.പിയും സ്വീകരിച്ച നിലപാട് എന്താണെന്നും അറിയാം. ഇതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടാണിരിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിഷേധാത്മകമായ നിലപാടാണ് ഇരുകൂട്ടരും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി നയിക്കുന്ന വികസന മുന്നേറ്റ തെക്കൻമേഖലാ ജാഥയെ രാവിലെ ജില്ലാ അതിർത്തിയായ മേലുകാവ് കാഞ്ഞിരംകവലയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, സി.പി.എം ജില്ലാ സെക്രട്ടറി വി. എൻ വാസവൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ എം. ടി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ സ്വീകരണം നൽകി. സെൻട്രൽ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സ്വാഗതസംഘം സെക്രട്ടറി എം.കെ തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ജാഥ കോട്ടയത്ത് സമാപിച്ചു. കാഞ്ഞിരപ്പള്ളിയിൽ സംഘാടക സമിതി ചെയർമാൻ വി. ഇസ്മയിലും ചങ്ങനാശേരിയിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. കെ. മാധവൻപിള്ളയും കോട്ടയത്ത് സംഘാടക സമിതി സെക്രട്ടറി ടി.ആർ രഘുനാഥനും അദ്ധ്യക്ഷത വഹിച്ചു.

വിവിധ കേന്ദ്രങ്ങളിൽ ജാഥാ അംഗങ്ങളായ എം.വി. ഗോവിന്ദൻ , അഡ്വ. പി വസന്തം, വി.സുരേന്ദ്രൻപിള്ള, തോമസ് ചാഴികാടൻ എം.പി, സാബു ജോർജ്ജ്, വർക്കല ബി. രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി. സുരേന്ദ്രൻപിള്ള, എം.വി മാണി, അബ്ദുൾ വഹാബ്, ഡോ. ഷാജി കടമല, ജോർജ്ജ് അഗസ്റ്റിൻ എന്നിവരെ കൂടാതെ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, ജോസ് കെ. മാണി, അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ എന്നിവരും സംസാരിച്ചു. ഇന്ന് പാലായിൽനിന്ന് പര്യടനം ആരംഭിക്കുന്ന ജാഥ കടുത്തുരുത്തിയിലെ സ്വീകരണം ഏറ്റുവാങ്ങി വൈക്കത്ത് എത്തുമ്പോൾ ജില്ലയിലെ പര്യടനം പൂർത്തിയാവും. തുടർന്ന് ജാഥ ആലപ്പുഴ ജില്ലയിലേക്ക് കടക്കും.