
ചങ്ങനാശേരി: സാമൂഹിക തിന്മകൾക്കെതിരെ ഒറ്റയാൾ നാടകത്തിലൂടെ പോരാട്ടം നടത്തിയിരുന്ന കലാകാരനായിരുന്ന ബബിൽ പെരുന്ന എന്നറിയപ്പെടുന്ന വർഗീസ് ഉലഹന്നാൻ (56) ഓർമ്മയായി. നാടകം പോരാട്ടമാക്കിയ കലാകാരന് നാടിന്റെ അന്ത്യാഞ്ജലി. ആദ്യകാലനാടക നടനും, മിമിക്രി കലാകാരനും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായിരുന്നു. പെട്രോൾ വില വർദ്ധനവിനെതിരെ പെരുന്ന സ്റ്റാൻഡിൽ നാടകം അവതരിപ്പിക്കുന്നതിനിടെ കാലിന് പരിക്കേറ്റതിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിക്കുകൾ കൊണ്ട് ആദ്യം ഇടതുകാലിലെ മൂന്നു വിരലുകളും പിന്നീട് വലതുകാലിലെ രണ്ടു വിരലുകളും മുറിച്ചുമാറ്റിയിരുന്നു. തുടർ ചികിത്സയ്ക്കായി ചങ്ങനാശേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രോഗം മൂർച്ഛിച്ചതോടെ വ്യാഴാഴ്ച്ച വൈകിട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ജൂലി (കറുകച്ചാൽ ). കൊവിഡ് പരിശോധനകൾക്കും പോസ്റ്റമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.
സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന ഉലഹന്നാൻ കാഞ്ഞിരത്തുംമൂട്ടിലിന്റെയും പെരുന്ന ചക്കാലയിൽ മറിയാമ്മയുടെയും മകനാണ് ബബിൽ പെരുന്ന. ഒട്ടേറെ കലാസമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒറ്റയാൾ നാടകത്തിലൂടെ സ്ട്രീറ്റ് തിയേറ്ററിന് രൂപം കൊടുത്ത ബബിൽ പെരുന്ന സംസ്ഥാനത്തുടനീളം സെക്രട്ടറിയേറ്റ് നടയിലും എസ്.പി ഓഫീസിന് മുമ്പിലും മെഡിക്കൽ കോളേജിന്റെ മുമ്പിലും കളക്‌ട്രേറ്റിന് മുമ്പിലും കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ഓഫീസുകൾക്കു മുമ്പിലും മറ്റ് അധികാരികളുടെ ഓഫീസിന് മുമ്പിലും രോഗികളെ കൊല്ലുന്ന മരുന്നിന്റെ വില, കുടിവെള്ള ക്ഷാമം, ജലമലിനീകരണം, തീവ്രവാദം, മാലിന്യ പ്രശ്‌നം, പാചകവാതക വിലക്കയറ്റം, ബസ്സ്ചാർജ് വർദ്ധന, ആദിവാസികളോടും ദരിദ്രരോടുമുള്ള അവഗണന, എൻഡോസൾഫാൻ ദുരിത പ്രശ്‌നങ്ങൾ, വൃദ്ധരോടുള്ള അവഗണന, എയ്ഡ്‌സ് ബോധവൽക്കരണം, കർഷകദു:ഖം, കൊറോണ ബോധവൽക്കരണം, പ്രവാസികളുടെ ദുഖ:ദുരിതങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയ ഒറ്റയാൾ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി അവാർഡുകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അടുത്തിടെ കേരള സംഗീത അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും ഇദേഹത്തിന് ലഭിച്ചിരുന്നു. ഇത് ഏറ്റുവാങ്ങുന്നതിനു മുൻപേയാണ് അഭിനയ ജീവിതത്തിൽ നിന്നും അപ്രതീക്ഷിതമായ മടക്കം.