
കോട്ടയം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാർ എന്നിവിടങ്ങളിൽ കുടുംബശ്രീ ഉത്പന്നങ്ങൾക്കായി പ്രത്യേക ഷെൽഫ് ആരംഭിച്ചു. ജില്ലയിലെ മുഴുവൻ സപ്ളൈക്കോ സ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കും.
കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ്, സെയിൽസ് ടീം എന്നിവയുടെ നേതൃത്വത്തിലാണ് ഇവിടേക്ക് ഉത്പന്നങ്ങൾ എത്തിക്കുന്നത്. ഇതിന് ശേഷം മാവേലി സ്റ്റോറുകൾ വഴിയും കുടുംബശ്രീ ഉത്പന്നങ്ങൾ വിൽക്കാനുള്ള സംവിധാനങ്ങളും സാദ്ധ്യമാക്കും. കുടുംബശ്രീ ബ്രാൻഡുകളിൽ തന്നെയാണ് വിൽപ്പന. കുടുംബശ്രീയുടെ മാരി ബ്രാൻഡുകളിൽ കുടകളും വിതരണം ചെയ്യും.
 പ്രൊഫഷണൽ പാക്കിംഗ്
കുടുംബശ്രീ സംരംഭക കേന്ദ്രങ്ങളിൽ പലതിലും സാധാരണ പാക്കിംഗാണ് നടക്കുന്നത്. എന്നാൽ ഔട്ട് ലെറ്റുകളിലേയ്ക്കു മാറുമ്പോൾ ബ്രാൻഡഡ് കമ്പനികളുടേതിന് സമാനമായ പാക്കിംഗിലാണ് സാധനങ്ങൾ ലഭ്യമാക്കുക. പാക്കിംഗ് മികച്ചതല്ലെങ്കിൽ കാറ്റ് കയറി സാധനങ്ങൾ വേഗം കേടാകും. പാക്കിംഗ് മികവിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പരിശീലനവും അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.
 ജില്ലയിൽ 42 കേന്ദ്രങ്ങളിൽ
ജില്ലയിൽ സപ്ളോക്കോയുടെ 42 ഔട്ട് ലെറ്റുകളിലാണ് ഉത്പ്പന്നങ്ങൾ ലഭിക്കുന്നത്. കൂടുതൽ ഡിമാൻഡുള്ള ഉത്പ്പന്നങ്ങൾ ഏതൊക്കെയാണെന്ന് സർവേ നടത്തി അതിനനുസരിച്ചുള്ള സാധനങ്ങളാണ് എത്തിക്കുന്നത്. വിറ്റുവരവ് പ്രത്യേക അക്കൗണ്ടിലാണ് . 15 ശതമാനം കമ്മീഷനും സപ്ളൈക്കോയ്ക്ക് ലഭിക്കും.
 സാധനങ്ങൾ
അപ്പം പൊടി, പുട്ടുപൊടി, കറി പൗഡറുകൾ, ഫുഡ് പ്രൊഡക്ട്‌സ്, വെളിച്ചെണ്ണ, കായം, ഹാൻഡ് വാഷ്, സാനിട്ടൈസർ, ലോഷനുകൾ,അച്ചാറുകൾ
'' സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടതോടെ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണനത്തിനുള്ള അവസരവും സംരംഭകൾക്ക് കൂടുതൽ വരുമാനവും ഉറപ്പുവരുത്താനാകും. ജില്ലയിൽ ശേഷിക്കുന്നിടത്തു കൂടി പദ്ധതി വ്യാപിപ്പിക്കും.
-ജോബി ജോൺ, പ്രോഗ്രാം മാനേജർ മാർക്കറ്റിംഗ്