ചങ്ങനാശേരി: ഇത്തിത്താനത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ രൂപംകൊടുത്ത ചാലച്ചിറ ശുദ്ധജലവിതരണസമിതിയുടെ പ്രവർത്തനം ഏറ്റെടുത്തു നടത്താൻ കഴിയില്ലെന്ന് വാട്ടർ അതോറിട്ടി തിരുവല്ല എക്‌സിക്യൂട്ടീവ് എൻജിനീയർ രേഖാമൂലം അറിയിച്ചു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ചാലച്ചിറ ശുദ്ധജലവിതരണ സമിതിയുടെ പ്രവർത്തനം വാട്ടർ അതോറിട്ടി ഏറ്റെടുത്തു നടത്തണമെന്നാവശ്യപ്പെട്ട് ഇത്തിത്താനം വികസനസമിതി സാന്ത്വനസ്പർശം ജനകീയ അദാലത്തിൽ പരാതി സമർപ്പിച്ചിരുന്നു. പരാതിയ്ക്കുള്ള മറുപടിയായാണ് അതോറിട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
പമ്പ്ഹൗസ്, ഓവർഹെഡ് ടാങ്ക്, പൈപ്പുലൈൻ എന്നിവ ജീർണ്ണാവസ്ഥയിലാണെന്നും പുതിയ പദ്ധതിയ്ക്കായി ജലജീവൻ മിഷൻ ഫേസ് 2 ൽ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും പദ്ധതി അംഗീകരിക്കുന്ന മുറയ്ക്ക് ഇത്തിത്താനത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുമെന്നുമാണ് എക്‌സിക്യൂട്ടീവ് എൻജിനീയർ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ഇതോടെ ഇത്തിത്താനത്തെ കുടിവെള്ള പ്രശ്‌നത്തിനുള്ള ശാശ്വതപരിഹാരം വിദൂരസ്വപ്‌നമായി മാറി.
ജലജീവൻ മിഷൻ പദ്ധതി ഇത്തിത്താനത്ത് നടപ്പിലാക്കണമെങ്കിൽ എസ്റ്റിമേറ്റ് പ്രകാരം 12 കോടി രൂപയോളം വേണം. ഇതിന്റെ 45 ശതമാനം കേന്ദ്രസർക്കാരും 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളും ചെലവഴിക്കണം. ഇതിനായി ഒരു കോടി രൂപയോളം ഗ്രാമപഞ്ചായത്ത് വിഹിതമായി നൽകേണ്ടിവരും. ഈ തുക കണ്ടെത്താൻ ഗ്രാമപഞ്ചായത്തിന് കഴിയുമെങ്കിൽ മാത്രമേ ജലജീവൻ മിഷൻ പദ്ധതി ഇത്തിത്താനത്ത് നടപ്പിലാകൂ.
വേനലിൽ പരക്കംപാച്ചിൽ
ഈ വേനൽക്കാലത്തും ഇത്തിത്താനം നിവാസികൾ കുടിവെള്ളത്തിനായി പരക്കം പായേണ്ട സ്ഥിതിയാണ്. ജലജീവൻ മിഷൻ പദ്ധതി അനശ്ചിതത്വത്തിലായതിനാൽ പടിഞ്ഞാറേ കുറിച്ചിയിൽ നിന്നും വെള്ളം ഹോമിയോ ആശുപത്രി, പൊൻപുഴപ്പൊക്കം ഓവർഹെഡ് ടാങ്കുകളിൽ എത്തിച്ച് ഇത്തിത്താനത്ത് വിതരണം ചെയ്യുന്ന രീതിയിലുള്ള ഒരു ഏകീകൃത കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ ത്രിതലപഞ്ചായത്തുകൾ തയാറാകണമെന്ന് ഇത്തിത്താനം വികസനസമിതിയോഗം ആവശ്യപ്പെട്ടു.