വൈക്കം : ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്ര നഗരിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന പദ്ധതികളുമായി വൈക്കം നഗരസഭ. 32,47,77,244 രൂപ വരവും, 32,02,30,700 രൂപ ചെലവും വരുന്ന ബജറ്റ് വൈസ് ചെയർമാൻ പി.ടി.സുഭാഷ് അവതരിപ്പിച്ചു. 2024 ലാണ് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം. ഇതോടനുബന്ധിച്ച് നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിൽ എല്ലാ മേഖലകളെയും ഉൾക്കൊച്ചുള്ള ഡി.പി.ആർ തയ്യാറാക്കി സാമ്പത്തിക സഹായത്തിനായി കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
നഗരസഭയുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനായി നഗരസഭ കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഓഫീസ് കം വാണിജ്യ സമുച്ചയം നിർമ്മിക്കും. പൊതു ടോയ്ലെറ്റുകൾ നിർമ്മിക്കുന്നതിന് 20 ലക്ഷം വകയിരുത്തി. കെ.വി.കനാൽ സൗന്ദര്യവത്കരണത്തിന് 5 ലക്ഷവും, പോസ്റ്റ് ഓഫീസിന് മുന്നിലും ബീച്ചിലും ഓപ്പൺ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന്റെ ആദ്യഘട്ടത്തിലേക്കായി 15 ലക്ഷവും, ഓണത്തിന് ഒരു മുറം പച്ചക്കറി - ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ പദ്ധതിക്കും കാർഷിക മേഖലയിലെ മറ്റ് പ്രവർത്തനങ്ങൾക്കുമായി 29 ലക്ഷവും, ക്ഷീരവികസന, മൃഗസംരക്ഷണ മേഖലകൾക്കായി 23 ലക്ഷവും, മത്സ്യമേഖലയ്ക്ക് 5 ലക്ഷവും, വനിതാക്ഷേമപദ്ധതികൾക്കായി 29 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
അങ്കണവാടികൾക്കായി 31 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയ്ക്ക് 40 ലക്ഷവും, തെരുവ് വിളക്കുകൾക്കായി 60 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1 കോടി 80 ലക്ഷം രൂപ മുടക്കി ബീച്ചിൽ പവലിയനും കളിസ്ഥലവും തയ്യാറാക്കും. ഇവിടെ ഓപ്പൺ ജിംനേഷ്യം , ഷട്ടിൽ, വോളിബാൾ, ബാസ്കറ്റ് ബാൾ കോർട്ടുകൾ എന്നിവയുണ്ടാവും. നഗരസഭയുടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീയറ്റർകോംപ്ലക്സിന് വിട്ടുകൊടുത്തതിന്റെ മിച്ചമുള്ള സ്ഥലത്ത് ലൈഫ് ഫ്ലാറ്റ് നിർമ്മാണത്തിന് നടപടി സ്വീകരിക്കും. പശ്ചാത്തല മേഖലയുടെ വികസനത്തിനായി 3 കോടി വകയിരുത്തിയിട്ടുണ്ട്.
വികസന കാര്യങ്ങളിൽ എല്ലാ മേഖലകളിലും രാഷ്ട്രീയത്തിനതീതമായ സഹകരണമാണ് പ്രതീക്ഷിക്കുന്നത്. വൈക്കത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പല വികസന പ്രവർത്തനങ്ങളും നടത്താൻ മുൻ കൗൺസിലിന് കഴിഞ്ഞിട്ടുണ്ടെന്നത് അഭിനന്ദനാർഹമാണ്. തനത് ഫണ്ട് കുറവായതിന്റെ പേരിൽ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മാലിന്യ നിർമാർജ്ജനവും പരാതികൾക്കിടയില്ലാത്തവിധം പുതിയ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
പി.ടി.സുഭാഷ്, (നഗരസഭ വൈസ് ചെയർമാൻ)
വൈക്കം ടൗൺ, കോവിലകത്തുംകടവ് മാർക്കറ്റ് എന്നിവിടങ്ങളിൽ പൊതു ടോയ്ലെറ്റ് ബ്ലോക്കുകൾ
നഗരസഭ ബീച്ചിൽ കളിസ്ഥലം, പവലിയൻ
ആധുനിക സൗകര്യങ്ങളോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്സുകൾ.
പി.എം.വൈ ലൈഫ് ഭവനപദ്ധതികൾ
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി
കെ.വി.കനാൽ സൗന്ദര്യവത്കരണം
ഓപ്പൺ എയർ സ്റ്റേജുകൾ
പൊതുമാലിന്യ സംസ്കരണ പദ്ധതി