
കോട്ടയം: എസ്.എൻ.ഡി.പിയോഗം മറിയപ്പള്ളി 26 ാം ശാഖാ ഗുരുദേവക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 15000 ത്തോളം രൂപ കവർന്നു. രാവിലെ ഏഴു മണിയോടെ ക്ഷേത്രം വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് തിടപ്പള്ളി തുറന്നു കിടക്കുന്നത് കണ്ടെത്തിയത്. ഇവർ ശാഖാ സെക്രട്ടറി വി.പി പ്രസന്നൻ ശ്രീരാഗം, പ്രസിഡൻ്റ് അനിയച്ചൻ അറുപതിൽ, യൂണിയൻ കൗൺസിലർ സാബു ഡി. ഇല്ലിക്കളം എന്നിവരെ അറിയിച്ചു. ഇവരുടെ ആവശ്യപ്രകാരം നഗരസഭാംഗം ജയ എസ്.നായരാണ് പൊലീസിൽ അറിയിച്ചത്. പൊലീസിന്റെ പരിശോധനയിൽ സമീപത്തെ സ്‌കൂളിന്റെ ബാത്ത് റൂമിൽ കാണിക്കവഞ്ചി കണ്ടെത്തി.
ഗുരുദേവക്ഷേത്രത്തിലെ തിടപ്പള്ളിയും ഓഫീസും കുത്തിത്തുറന്ന നിലയിലാണ്. ക്ഷേത്രം മുഴുവൻ തെരച്ചിൽ നടത്തിയതിന്റെ ലക്ഷണമുണ്ട്. കഴിഞ്ഞ മാസം ഉത്സവമായിരുന്നു. ഇതിനു ശേഷം കാണിക്കവഞ്ചി തുറന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് 15000 രൂപയോളം നഷ്ടമായതായി വിലയിരുത്തുന്നത്.
മോഷ്ടാവിനെ പിടിക്കാൻ അന്വേഷണം ഊർജിതമാക്കണമെന്ന് ശാഖാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
നാട്ടകം, മറിയപ്പള്ളി പ്രദേശങ്ങളിൽ മോഷണവും സാമൂഹ്യ വിരുദ്ധരുടെ ശല്യവും വ്യാപകമാണ് . ഇവിടെ നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന് സോഷ്യൽ വെൽഫയർ ഫോറം ജില്ലാ ചെയർമാൻ അനീഷ് വരമ്പിനകം ആവശ്യപ്പെട്ടു.