
പാലാ: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് പാലായിൽ ഉജ്ജ്വല സ്വീകരണം. യു.ഡി.എഫ് കോട്ടയിൽ ചെമ്പടയുടെ പടയോട്ടം. പാലാ നഗരത്തെ ചെങ്കടലാക്കി ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത സ്വീകരണ റാലി എൽ.ഡി.എഫ് വിട്ട മാണി സി. കാപ്പനുള്ള താക്കീതായി മാറി.
രാവിലെ 9.30 ന് തന്നെ പ്രവർത്തകർ പാലായിൽ കുരിശുപള്ളി ജംഗ്ഷനിലും സിവിൽ സ്റ്റേഷൻ ജംഗ്ഷനിലും എത്തിത്തുടങ്ങിയിരുന്നു. 11 ന് കുരിശുപള്ളി ജംഗ്ഷനിൽ എത്തിയ ജാഥയെ വാദ്യ മേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ളാലം ജംഗ്ഷനിൽ സജ്ജീകരിച്ച പന്തലിലേയ്ക്ക് ആനയിച്ചു. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം, എം.വി ഗോവിന്ദൻ , തോമസ് ചാഴികാടൻ എം.പി, വി.എൻ. വാസവൻ, സി.കെ. ശശിധരൻ, പ്രൊഫ എം.ടി. ജോസഫ്. അഡ്വ പി. വസന്തം, സാബു ജോർജ്, ബി. രവികുമാർ, മാത്യൂസ് കോലഞ്ചേരി, ബി. സുരേന്ദ്രൻ പിള്ള, എം.വി മാണി, അബ്ദുൾ വഹാബ്, ഡോ. ഷാജി കടമല, ജോർജ് അഗസ്റ്റിൻ, ബാബു കെ ജോർജ്. ലോപ്പസ് മാത്യു, രാജീവ് നെല്ലിക്കുന്നേൽ, ടി.വി ബേബി, അഡ്വ വി.കെ. സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
കാപ്പന്റേത് വഞ്ചന: എം.വി. ഗോവിന്ദൻ
പാലാ : മാണി സി. കാപ്പന്റേത് വഞ്ചനാപരമായ നിലപാടാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ പറഞ്ഞു. യു.ഡി.എഫിന്റെ കൂടെച്ചേർന്നാൽ എന്തെങ്കിലും നേടാമെന്ന് മനപ്പായസം ഉണ്ണുകയാണ് അദ്ദേഹം. യു.ഡി.എഫുമായി നേരത്തേ ധാരണയുണ്ടാക്കിയ കാപ്പൻ എൽ.ഡി.എഫിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇല്ലാത്ത ക്വാറന്റൈന്റെ പേരുപറഞ്ഞ് കുറേനാൾ മുങ്ങിനടന്നു. വാഗ്ദാനങ്ങൾ നൽകിയാണ് യു.ഡി.എഫ് കാപ്പനെ സ്വാധീനിച്ചത്. പക്ഷേ, പോയത് ആരും കൂട്ടില്ലാതെ ഒറ്റയ്ക്കും. വൻ പരാജയമാണ് കാപ്പനെ കാത്തിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
ഇ. ശ്രീധരൻ പഠിക്കണം: ബിനോയ് വിശ്വം
പാലാ : ഇ. ശ്രീധരൻ ബി.ജെ.പിയെക്കുറിച്ച് നന്നായി ഒന്ന് പഠിക്കാൻ ശ്രമിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാജ്യസ്‌നേഹം ബി.ജെ.പിക്ക് നാവിൻതുമ്പത്ത് മാത്രമേയുള്ളൂ. അവർക്ക് ഉള്ളിൽ മറ്റൊരു മുഖമുണ്ട്. അത് ആർ.എസ്.എസിന്റേതാണ്. ബി.ജെ.പിയുടെ ഗ്രന്ഥമായ 'വിചാരധാര'യിൽ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും രാജ്യത്തിന്റെ ശത്രുക്കളായി ചിത്രീകരിച്ചിരിക്കുന്നു. ആ പുസ്തകം ശ്രീധരൻ ഒന്ന് വായിക്കണം. അതിനെയെല്ലാം പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.
മാണി സി. കാപ്പൻ സ്വന്തം പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ചയാളാണ്. കാപ്പൻ ഇനി പാലായിൽ ജയിക്കാൻ പോകുന്നില്ലെന്നും ബിനോയി വിശ്വം പറഞ്ഞു.
കാപ്പനു മുന്നിൽ എൽ.ഡി.എഫിന്റെ ശക്തി പ്രകടനം
പാലാ: യു.ഡി.എഫിൽ ചേക്കേറിയ കാപ്പൻ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിലേയ്ക്ക് മാസ് എൻട്രി നടത്തിയപ്പോൾ, പകരം കാപ്പന് മുന്നിൽ ശക്തി പ്രകടനം നടത്താനുള്ള അവരമാക്കി എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥ. ബിനോയ് വിശ്വം നയിച്ച ഇടതു മുന്നണിയുടെ ജാഥയ്ക്ക് അകമ്പടി സേവിച്ച് കേരളാ കോൺഗ്രസ് പ്രവർത്തകർ റോഡ് ഷോ നടത്തി. 1001 ടു വീലറുകൾ, ബലൂണുകൾ, മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ... എല്ലാംകൂടിയപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ പ്രതീതി. വെള്ളയും ചുവപ്പും നിറമുളള ബലൂണുകളും കെട്ടി മുദ്രാവാക്യ വിളികളോടെയാണ് ടൂ വീലർ ജാഥ നഗരവീഥികൾ കീഴടക്കിയത്. പാലായിൽ ഇക്കുറി വീറും വാശിക്കും ഒരുകുറവുമുണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.