ഗംഭീര സ്വീകരണം നൽകി കേരളകോൺഗ്രസ് (എം)
പാലാ : വികസന സന്ദേശം വിളംബരം ചെയ്ത് പാലായിൽ എത്തിയ ഇടതുമുന്നണിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം നൽകി. സി.പി.ഐ നേതാവ് ബിനോയി വിശ്വം നേതൃത്വം നൽകിയ ജാഥ രാവിലെ 11.45ഓടെയാണ് പാലാ കുരിശുപള്ളി ജംഗ്ഷനിലെത്തിയത്. രാവിലെ 9 മുതൽ ജാഥയെ സ്വീകരിക്കാൻ ഇടതുമുന്നണി പ്രവർത്തകരും വിവിധ തൊഴിലാളി യൂണിയനുകളിലെ തൊഴിലാളികളും കൂട്ടമായും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ജാഥയായും മുദ്രാവാക്യം വിളികളോടെ നഗരത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. ജാഥയെ വരവേൽക്കുന്നതിനും വിജയിപ്പിക്കുന്നതിനും ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് കേരളാകോൺഗ്രസ് (എം) പ്രവർത്തകരും ദ്വിവർണ്ണ പതാകകളും ഏന്തി നഗരത്തിലെത്തി സ്വീകരണം കൊഴുപ്പിച്ചു. ചുവപ്പണിഞ്ഞ നഗരമദ്ധ്യത്തിൽ എത്തിയ ജാഥാ ക്യാപ്റ്റനെ ജോസ് കെ. മാണിയും, ഇടതുമുന്നണി പ്രാദേശികനേതാക്കളും ചേർന്ന് സ്വീകരിച്ച് ളാലം പാലം ജംഗ്ഷനിലേക്ക് ആനയിച്ചു. ചുവപ്പ് നിറമുള്ള തുറന്ന ജീപ്പിൽ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തോടൊപ്പം,ജോസ് കെ. മാണിയും, വി.എൻ.വാസവനും കയറി. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളും അകമ്പടിയേകി. ബെന്നി മൈലാടൂരിന്റെനേതൃത്വത്തിൽ എൻ.സി.പി പ്രവർത്തകരും ജാഥയിൽ ആവേശത്തോടെ അണിനിരന്നു.
മിഴിവേകി ടൂവീലർ റോഡ്‌ഷോ
പാലാ : യൂത്ത്ഫ്രണ്ട് (എം) സംഘടിപ്പിച്ച 1001 ടൂവീലറുകൾ അണിനിരന്ന റോഡ്‌ഷോ ജാഥയ്ക്ക് അഴകേകി. കേരളകോൺഗ്രസ് (എം) പതാകയും വെള്ളയും ചുവപ്പുനിറമുള്ള ബലൂണുകളും കെട്ടി മുദ്രാവാക്യം വിളികളോടെയാണ് ടൂവീലർ ജാഥ നഗരവീഥികൾ കീഴടക്കിയത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരും ടൂവീലർഘോഷയാത്ര നടത്തി. ഇക്കഴിഞ്ഞ ദിവസം യു.ഡി.എഫ് നടത്തിയ ടൂവീലർ പ്രകടനത്തെ വെല്ലുവിളിച്ചാണ് ഇടതുയുവജന സംഘടനകൾ ആവേശത്തോടെ ടൂവീലറുകളുമായി എത്തിയത്.