പാലാ : എൽ.ഡി.എഫ് സർക്കാരിന്റെ ജനകീയ ഇടപെടലുകളും വികസന പദ്ധതികളും സാമൂഹ്യക്ഷേമ കരുതലും ജനങ്ങളോട് വിശദീകരിക്കുന്നതിനായി എൽ.ഡി.എഫ് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും കാൽനട പ്രചാര പരിപാടി നടത്തും. കേരള കോൺ(എം) ചെയർമാൻ ജോസ്.കെ.മാണി ജാഥയ്ക്ക് നേതൃത്വം നൽകും. 21 മുതൽ 27 വരെയാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 21 ന് ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലും 22 ന് മുത്തോലി, കരൂർ, 23 ന് മൂന്നിലവ്, മേലുകാവ്, 24ന് രാമപുരം, പാലാ നഗരസഭ, 25 ന് കൊഴുവനാൽ, കടനാട്, 27 ന് എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിൽ യാത്ര നടക്കും. 21 ന് രാവിലെ 9 ന് ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് ആശുപത്രി ജംഗ്ഷനിൽ നിന്ന് പദയാത്ര ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന വിശദീകരണ യോഗങ്ങളിൽ മന്ത്രിമാരും എൽ.ഡി.എഫ് നേതാക്കളും പങ്കെടുക്കും.