കുമരകം : ഇന്ന് മുതൽ 26 വരെ നടക്കുന്ന 'ടൂറിസം ഉത്സവം 2021" വേദികളിൽ നിന്ന് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ വർഷം കൊവിഡ് പശ്ചാത്തലത്തിൽ പരിപാടി നടത്തിയിരുന്നില്ല. എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ നടത്തിവരുന്ന വാരാഘോഷത്തിന് കുമരകവും വേദിയായിരുന്നു. ഇത്തവണ മേള നടക്കുന്ന ജില്ലയിലെ രണ്ടു കേന്ദ്രങ്ങളിൽ കുമരകം ഉൾപ്പെട്ടിട്ടില്ല. കവണാറ്റിൻകരയിലെ ഉത്സവവേദിയിലെ കലാപ്രകടനങ്ങൾ കാണാൻ വിനോദ സഞ്ചാരികൾ ഉൾപ്പടെ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. കൊവിഡിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന കുമരകത്തേയ്ക്ക് വിനോദ സഞ്ചാരികകളെ ആകർഷിക്കാനും ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകാനുമായി പ്രാദേശിക വിനോദസഞ്ചാര മേഖലയിലെ പ്രവർത്തകർ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇത്തരം തലതിരിഞ്ഞ നടടപടികൾ. തിരുനക്കരയും, വൈക്കത്തെ നെല്ലിമരച്ചുവട്ടിലെ സത്യാഗ്രഹ സ്മാരകവുമാണ് ഇത്തവണ വേദികൾ.
കുമരകത്തെ മന:പ്പൂർവം ഒഴിവാക്കിയതല്ല .ജില്ലയുടെ വിവിധ പ്രദേശങ്ങളുടെ പങ്കാളിത്തവും ടൂറിസം വികസനവുമാണ് ലക്ഷ്യം. പെപ്പർ ടൂറിസം ഉൾപ്പടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്ന വൈക്കത്തേയും പ്രോത്സാഹിപ്പിക്കാനാണ് ശ്രമം.
ഡോ :ബിന്ദു നായർ, സെക്രട്ടറി,
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ
കൊവിഡാനന്തര ടൂറിസം പോത്സാഹിപ്പിക്കേണ്ട ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ടൂറിസം ഉത്സവ വേദിയിൽ നിന്ന് കുമരകത്തെ ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധമുണ്ട്. ഈ തീരുമാനം കുമരകം ടൂറിസത്തോടുള്ള അവഗണനയാണ്.
ധന്യാ സാബു, കുമരകം പഞ്ചായത്ത് പ്രസിഡന്റ്