
പൊൻകുന്നം : ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് ഹൈസ്‌കൂളിൽ പുതിയ മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പഴയ സ്‌കൂൾ കെട്ടിടം പൂർണ്ണമായും പൊളിച്ചു മാറ്റി മൂന്നരക്കോടി രൂപ മുടക്കിയാണ് പുതിയ ബഹുനില മന്ദിരം നിർമ്മിക്കുന്നത്. അടുത്ത അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ സ്‌കൂൾ പ്രവർത്തനം പൂർണമായും പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. 1957 ൽ സ്ഥാപിതമായ സ്‌കൂൾ എസ്.ആർവി.എൻ.എസ്. എസ്.കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. 1957ൽ മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അനുവദിക്കപ്പെട്ടതാണ് ഹൈസ്‌കൂൾ. പിന്നീട് 2001 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. പുതിയ ബഹുനില മന്ദിരത്തിൽ അത്യാധുനിക രീതിയിലുള്ള 14 ക്ലാസ് മുറികളുണ്ടാവും. എല്ലാം ഇന്റർനെറ്റ് അധിഷ്ഠിത സ്മാർട്ട് ക്ലാസ് റൂമുകളാണ്. ആധുനിക സൗകര്യങ്ങളുള്ള ലബോറട്ടറികളും റീഡിംഗ് റൂമും ഡൈനിംഗ് ഹാളുമുണ്ട്. രണ്ടു ലക്ഷം ലിറ്റർ ശുദ്ധജലം സംഭരിക്കാവുന്ന അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്ക്, കെട്ടിട സമുച്ചയത്തിനുള്ളിൽ ഒരുക്കുന്നെന്ന പ്രത്യേകതയുമുണ്ട്.