 
അടിമാലി: ആനക്കൊമ്പ് കേസിൽ ഓടി രക്ഷപ്പെട്ട മുഖ്യ പ്രതികളായ രണ്ട് പേരെക്കൂടി വനപാലകർ അറസ്റ്റ് ചെയ്തു.അടിമാലി എളംബ്ലാശേരി ആദിവാസി കോളനയിലെ സുപ്രൻ (56), സജീവ് (40) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസർ ജോജി ജോണിന്റെ നേതൃത്വത്തിലുള്ള വനപാലകർ ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്തത്. മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു.ഈ മാസം 17 ന് പത്താം മൈൽ തൊട്ടിയാർ ഭാഗത്ത് അഞ്ച് പേർ ഓട്ടോയിൽ ആനക്കൊമ്പുമായി എത്തിയിരുന്നു. വനപാലകരെ കണ്ടതോടെ സുപ്രനും സജീവും ഓടി രക്ഷപ്പെട്ടു.അന്ന് ഇരുമ്പുപാലം പടി കപ്പ് സ്വദേശികളായ സുനിൽ (40) , സനോജ് (35) ബിജു (40) എന്നിവർ വനപാലകരുടെ പിടിയിലായിരുന്നു. അന്ന് പിടിയിലായ ഇവർ
ആന കൊമ്പ് നൽകിയത് ഓടി പോയ സുപ്രനാണെന്ന് മൊഴി നൽകിയിരുന്നു.
ഒരാഴ്ച മുൻപ് തെളളിപൂ പറിക്കാൻ പോയപ്പോൾ കൂന്ത്ര പുഴയുടെ അരുകിലെ പാറകെട്ടിൽ ചത്ത് കിടക്കുന്ന ആനയെ കണ്ടു. ആ ആനയുടെ പിഴുതെടുത്ത കൊമ്പാണ് ഇതെന്നാണ് മൊഴി. വെള്ളിയാഴ്ച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും.22 കിലോ തൂക്കം വരുന്ന രണ്ട് ആന കൊമ്പാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.ഒരു കൊമ്പിന് മൂന്ന് അടി നീളമുണ്ട്.ഇതിന് പൊതു വിപണിയിൽ 30 ലക്ഷം രൂപയോളം വില വരും. ഫ്ളയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ. സാജു വർഗ്ഗീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികൾ വലയിലായത്. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ അന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു.കേസിലെ ഒന്നാം പ്രതിയായ സുപ്രൻ ഒരു വർഷം മുൻപ് കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ്.
. ഇതിനാൽ ഇടമലയാർ ആന വേട്ട സംഘത്തിന് ഈ കേസുമായി ബന്ധമുണ്ടോ എന്നും വനപാലകർ അന്വേഷിക്കുന്നുണ്ട്.