
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന് വീണ്ടും പ്രവർത്തനമികവിനുള്ള അംഗീകാരം.പോയ വർഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ജില്ലയിലെ മികച്ച പഞ്ചായത്തായി അടിമാലിയെ തിരഞ്ഞെടുത്തത്. ജില്ലയിലെ മികച്ച പഞ്ചായത്ത് സെക്രട്ടറിയായി അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എൻ.സഹജനെയും തിരഞ്ഞെടുത്തു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു, സെക്രട്ടറി കെ എൻ സഹജൻ എന്നിവർ ചേർന്ന് പുരസ്‌ക്കാരംഏറ്റ് വാങ്ങി.കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചായത്ത് വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിപ്പോരുന്നത്.മാലിന്യ സംസ്‌ക്കരണ കാര്യത്തിൽ ഉൾപ്പെടെ പഞ്ചായത്ത് പ്രശംസനീയമായ മികവ് കൈവരിച്ചിട്ടുണ്ട്.ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ജില്ലയിലെ മികച്ച പഞ്ചായത്തെന്ന അംഗീകാരം അടിമാലിയെ തേടിയെത്തിയത്.2005 ൽ പഞ്ചായത്തിന് ജില്ലയിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.2017ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്ത് സെക്രട്ടറിയായും കെ.എൻ സഹജൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.