
കോട്ടയം : കോട്ടയത്ത് അഞ്ചുസീറ്റുകൾ അടക്കം ഇടതുമുന്നണിയോട് പതിമൂന്ന് സീറ്റുകൾ ആവശ്യപ്പെടാൻ കേരളകോൺഗ്രസ് ജോസ് കെ മാണി വിഭാഗം .ഇന്ന് ആദ്യ റൗണ്ട് സീറ്റ് ചർച്ചക്കായി തിരുവനന്തപുരത്തെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതോടെ പാലാ മണ്ഡലത്തിൽ ഇന്നലെ ആരംഭിക്കാനിരുന്ന പദയാത്ര ജോസ് മാറ്റിവച്ചു. സി.പി.എം സിറ്റിംഗ് സീറ്റായ ഏറ്റുമാനൂർ ഒഴിച്ച് കോട്ടയത്ത് അഞ്ചു സീറ്റുനൽകാൻ ഇടതുമുന്നണിയിൽ ഏകദേശ ധാരണയായതായി കേരളകോൺഗ്രസ് (എം) ഉന്നത നേതാവ് അറിയിച്ചു.
കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ആറ് സീറ്റുകൾ ഉൾപ്പെടെ 15 സീറ്റിലാണ് കേരള കോൺഗ്രസ് മത്സരിച്ചത്. ആറിടത്ത് ജയിച്ചെങ്കിലും പി.ജെ.ജോസഫ് , മോൻസ് ജോസഫ് എന്നിവർ ഇപ്പോൾ യു.ഡി.എഫിലാണ് . തദ്ദേശതിരഞ്ഞെടുപ്പിൽ മദ്ധ്യകേരളത്തിൽ ഇടതുമുന്നണിയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കിയത് ജോസ് വിഭാഗമെന്ന വിലയിരുത്തലിൽ സീറ്റ് ചർച്ച തർക്കങ്ങളില്ലാതെ പരിഹരിക്കാനാണ് ഇടതുമുന്നണി നീക്കം. ജോസ് വിഭാഗത്തിന് പത്തുസീറ്റിൽ കുറയില്ലെന്നാണ് സി.പി.എം ഉന്നത നേതാവ് അറിയിച്ചത്.
ഐശ്വര്യ കേരളയാത്രയോടെ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചിരുന്നു. കാപ്പൻ പ്രചാരണം ആരംഭിച്ചതോടെ ഇടതുമുന്നണി ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും ജോസും പാലായിൽ സജീവമായി. ബിനോയ് വിശ്വം നയിക്കുന്ന വികസനയാത്ര ഇന്നലെ പാലായിൽ എത്തിയപ്പോൾ ഗംഭീര സ്വീകരണമൊരുക്കാൻ ജോസിനായി. മണ്ഡലത്തിൽ ഒരാഴ്ച നീളുന്ന പദയാത്രയും ജോസ് തിങ്കളാഴ്ച ആരംഭിക്കുകയാണ്. കെ.എം.മാണിയുടെ പൂർണകായ പ്രതിമ 24 ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പാലായിൽ അനാച്ഛാദനം ചെയ്യുന്ന ചടങ്ങും പ്രചാരണ പരിപാടിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ആവശ്യപ്പെടുന്ന സീറ്റുകൾ
പാലാ, പൂഞ്ഞാർ
കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി
കടുത്തുരുത്തി, ഇടുക്കി
കുട്ടനാട്, തിരുവല്ല
തൊടുപുഴ, റാന്നി
പേരമ്പ്ര, ഇരിങ്ങാലക്കുട
ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ