rubber

 സംഭരണവില കിലോയ്ക്ക് 170 രൂപയാക്കി ഉത്തരവിറങ്ങി

കോട്ടയം: മദ്ധ്യകേരളത്തിലെ കർഷക വോട്ടുബാങ്ക് ലക്ഷ്യമിട്ട്, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുംമുമ്പേ സംസ്ഥാന സർക്കാർ‌ റബറിന്റെ സംഭരണവില കിലോയ്ക്ക് 170 രൂപയാക്കി ഉത്തരവിറക്കി. പെരുമാറ്റച്ചട്ടം അടുത്തമാസം നിലവിൽ വരുമെന്നാണ് സൂചനകൾ. നേരത്തേ റബറിന്, വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി സംഭരണവില കിലോയ്ക്ക് 150 രൂപയായിരുന്നു. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് ഇക്കഴിഞ്ഞ ബഡ്‌ജറ്റിലാണ് തുക 170 രൂപയാക്കിയത്.

പുതുക്കിയ സംഭരണവില ഏപ്രിൽ ഒന്നിന് നിലവിൽ വരും. റബർവില കിലോയ്ക്ക് 170 രൂപയിൽ താഴെയാണെങ്കിൽ വിപണിവിലയും 170 രൂപയും തമ്മിലെ അന്തരം കർഷകർക്ക് സർക്കാർ സബ്‌‌സിഡിയായി നൽകുന്നതാണ് വിലസ്ഥിരതാ പദ്ധതി.

വില മേലോട്ട്

റബർവില കർഷകർക്ക് ആശ്വാസവുമായി ഉയരുകയാണ്. വാഹന വിപണിയിലെ ഉണവർവും ആഭ്യന്തര റബറിന് ഡിമാൻഡ് ഏറിയതും കരുത്താകുന്നു. 157 രൂപയാണ് കഴിഞ്ഞവാരം റബർ‌വില. ലാറ്റക്‌സ് വിലയും 100 രൂപയ്ക്കുമേൽ എത്തി. റബർ ബോർഡ് വില ആർ.എസ്.എസ് - നാലിന് 157.50 രൂപ. അഞ്ചിന് 153 രൂപ. ലാറ്റക്‌സിന് 117.80 രൂപ.