
കോട്ടയം : ജില്ലയിൽ ഗുണ്ടാ ആക്രമണം തുടർക്കഥയായതോടെ കർശന നടപടിയുമായി പൊലീസ്. ആറു മാസം മുൻപ് തയ്യാറാക്കിയ പട്ടിക പ്രകാരം 12 പേർക്കെതിരെ കാപ്പ ചുമത്തി. 23 പേരെയാണ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ആദ്യം കരുതൽ തടങ്കലിലാക്കിയത് ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബി (അലോട്ടി-27) നെയാണ്. ഇതിന് പിന്നാലെ അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയനെ (32) കരുതൽ തടങ്കലിൽ അയച്ചു. ആറു മാസത്തിനിടെ 10 ക്രിമിനൽക്കേസുകളിൽ കൂടുതൽ പ്രതിയായവർക്കെതിരെ കാപ്പ ചുമത്താനാണ് പൊലീസ് തീരുമാനം. ഓരോ പൊലീസ് സ്റ്റേഷനിലും വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കർശനമായി നിരീക്ഷിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പൊലീസിന് പരിചയക്കുറവ്, മുതലെടുത്ത് ഗുണ്ടകൾ
തിരഞ്ഞെടുപ്പ് സ്ഥലം മാറ്റത്തെ തുടർന്ന് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും ചുമതല വഹിക്കുന്നത് പുതുമുഖങ്ങളാണ്. ക്രിമിനലുകളെ നന്നായി അറിയുന്ന പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ മുഴുവനും സ്ഥലം മാറ്റിയിരുന്നു. ഇതാണ് ഗുണ്ടാ അഴിഞ്ഞാട്ടത്തിന് ഇടയാക്കിയത്.
നടപടി കർശനമാക്കും
ജില്ലയിൽ ഗുണ്ടകൾക്ക് എതിരെ കർശന നടപടിയെടുക്കും. കാപ്പ ചുമത്തുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡി.ശില്പ, ജില്ലാ പൊലീസ് മേധാവി