പൊൻകുന്നം : അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച റോഡ് അടിപൊളി. യാത്രയും സുഖം. പക്ഷേ രാത്രിയായാൽ കൂരിരുട്ടാണ്. ഇരുട്ടിനെ അകറ്റാൻ സ്ഥാപിച്ച വഴിവിളക്കുകൾ തെളിയുന്നില്ല. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം - പാലാ റോഡിലെ അവസ്ഥയാണിത്. 45 മീറ്റർ ഇടവിട്ട് സോളാർലൈറ്റുകളും ട്രാഫിക് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതൊക്കെ പകൽ യാത്ര ചെയ്യുന്നവർക്ക് കണ്ടുരസിക്കാമെന്നല്ലാതെ രാത്രിയിൽ വെളിച്ചം കിട്ടുമെന്ന് പ്രതീക്ഷ വേണ്ട. നാലു വർഷം മുമ്പാണ് കെ.എസ്.ടി.പി 450 ലേറെ സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്.
എന്നാൽ ഒരു വർഷം തികയുന്നതിനുമുമ്പേ പകുതിയിലധികവും കേടായി. നിശ്ചിതകാലയളവിൽ ലൈറ്റുകളുടെ പരിപാലനം ഏറ്റെടുത്ത കരാറുകാരനെ കാണാനുമില്ല. വാറന്റി കാലയളവിനുള്ളിൽ കേടായ ലൈറ്റുകൾ മറ്റുന്നതിന് കർശന നിർദ്ദേശം നൽകാൻ കരാർ കൊടുത്ത കെ.എസ്.ടി.പിയും തയ്യാറായില്ല. വാറന്റി കാലാവധി കഴിഞ്ഞതോടെ ബാക്കി വിളക്കുകളും മിഴിയടച്ചു.
വിളക്കുകാലുകൾ ഒടിഞ്ഞ് തന്നെ
ഒരു കിലോമീറ്ററിനുള്ളിൽ തെളിയുന്നത് ഒന്നോ രണ്ടോ വിളക്കുകൾ മാത്രം. ലിഥിയം ബാറ്ററി ഉപയോഗിച്ചാൽ കൂടുതൽ കാലം നിലനിൽക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. എന്നാൽ വിലകൂടിയ ലിഥിയം ബാറ്ററികൾ സ്ഥാപിക്കാൻ കരാറുകാർ തയ്യാറല്ല. ലൈറ്റുകളും ബാറ്ററികളും മാത്രമല്ല വീണുകിടക്കുന്ന വിളക്കുകാലുകളാണ് മറ്റൊരു പ്രശ്‌നം. വാഹനങ്ങളിടിച്ച് തകർന്ന നിരവധി വിളക്കുകാലുകളുണ്ട്. ഇവ പുന:സ്ഥാപിക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് 50000 രൂപ വരെയാണ് പിഴ ഈടാക്കിയിട്ടുള്ളത്. എന്നാൽ ഒടിഞ്ഞു നിലത്തുവീണ വിളക്കുകൾ മാസങ്ങൾ കഴിഞ്ഞിട്ടും അങ്ങനെതന്നെ കിടക്കുകയാണ്.
അനർട്ടിലെ ഏൽപ്പിക്കണം
പി.പി. റോഡിലേതിനു സമാനമായ പരാതികൾ മറ്റു സ്ഥലങ്ങളിൽ നിന്ന് ഉയർന്നപ്പോൾ സോളാർ ലൈറ്റുകളുടെ പരിപാലനം അനർട്ടിനെ ഏൽപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചെങ്കിലും തീരുമാനം കടലാസിലൊതുങ്ങുകയാണ്.