കോട്ടയം: സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ സ്ഥിതി പഠിക്കുന്നതിന് ഗ്രാമവികസന മന്ത്രാലയം നടത്തുന്ന സർവേ ആരംഭിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 1063 കുടുംബങ്ങളെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ വീടുകളിൽ എത്തിയാണ് വിവരശേഖരണം നടത്തുന്നത്. ഗ്യാസ്,വൈദ്യുതി കണക്ഷനുകൾ, എൽ. ഇ ഡി ബൾബ്, ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് തുടങ്ങിയവ ഉണ്ടോയെന്നും സർക്കാരിൽ നിന്ന് ഭവന നിർമാണം, ആരോഗ്യം, തൊഴിലുറപ്പ്, ക്ഷേമ പെൻഷൻ തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്നുമാണ് അന്വേഷിക്കുക. സർവേയ്ക്ക് എത്തുന്ന ജീവനക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.