budget
കട്ടപ്പന നഗരസഭ ബഡ്ജറ്റ് ഉപാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അവതരിപ്പിക്കുന്നു

കട്ടപ്പന: ആരോഗ്യം, ടൂറിസം, വിനോദം എന്നീ മേഖലകൾക്ക് മുൻഗണന നൽകി 34,47,96,400 രൂപ വരവും 34,10,21,900 രൂപ ചെലവും 37,74,500 മിച്ചവും പ്രതീക്ഷിക്കുന്ന കട്ടപ്പന നഗരസഭ ബഡ്ജറ്റ് ഉപാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അവതരിപ്പിച്ചു. നഗരസഭാദ്ധ്യക്ഷ ബീന ജോബി അദ്ധ്യക്ഷത വഹിച്ചു. ബഡ്ജറ്റ് പാസാക്കുന്നതിന് മുന്നോടിയായുള്ള ചർച്ച നാളെ കൗൺസിൽ യോഗത്തിൽ നടക്കും.

താലൂക്ക് ആശുപത്രി
ജനറൽ ആശുപത്രിയാക്കും

കട്ടപ്പന താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രിയാക്കി ഉയർത്തുന്നതിന് മുൻഗണന നൽകും. നഗരസഭ സമർപ്പിച്ച മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ലഭിക്കാനുള്ള 25 കോടി രൂപ സർക്കാരിൽ നിന്നു ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് വിട്ടുനൽകിയ കെട്ടിടത്തിൽ കാൻസർ പരിശോധന കേന്ദ്രം ആരംഭിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തും. ഡോക്ടർമാരുടെയും ജീവനക്കാരുടെയും നിയമനം പൂർത്തിയായാൽ ആറുമാസത്തിനകം പ്രവർത്തനം തുടങ്ങും. കൂടാതെ കാൻസർ ചികിത്സ കേന്ദ്രത്തിനായി സ്ഥലം ഏറ്റെടുക്കാൻ ഒരുകോടി രൂപ വകയിരുത്തി. താലൂക്ക് ആശുപത്രിയിൽ കുളം നിർമിക്കാൻ അഞ്ച് ലക്ഷവും വാഴവര അർബൻ പി.എച്ച്.സിയുടെ അറ്റകുറ്റപ്പണിക്കായി ഒരുലക്ഷവും ചെലവഴിക്കും.

ഇൻഡോർ സ്റ്റേഡിയം

നഗരസഭയുടെ സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയവും പാർക്കും നിർമിക്കുന്നതിന് ബാങ്കിൽ നിന്നു 4 കോടി രൂപ വായ്പയെടുക്കും. കുട്ടികളുടെ പാർക്ക് നിർമാണത്തിന് 6 ലക്ഷം രൂപയും വകയിരുത്തി. 5 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ മൈതാനം നവീകരിക്കും.

കല്യാണത്തണ്ട് ടൂറിസം

കല്യാണത്തണ്ട് ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടുത്തെ റവന്യു ഭൂമി നഗരസഭ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് വാച്ച് ടവറും ഇതര അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തും. ഇതിനായി 50 ലക്ഷം രൂപ വായ്പയെടുക്കും.

കാർഷിക, ക്ഷീര മേഖല

കർഷകർക്ക് ജൈവവളം വിതരണം ചെയ്യുന്നതിന് 22.1 ലക്ഷം രൂപ വകയിരുത്തി. വാഴത്തൈകളും ഇതര തൈകളും ലഭ്യമാക്കുന്നതിനും ലഭ്യമാക്കുന്നതിനുള്ള തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ കാർഷിക മേഖലയുടെ വികസനത്തിന് 34 ലക്ഷം രൂപയും ചെലവഴിക്കും. ക്ഷീര കർഷകർക്ക് 20 ലക്ഷം രൂപ ഇൻസെന്റീവ് നൽകും. കൂടാതെ തൊഴിലുറപ്പിലൂടെ 58 ലക്ഷം രൂപ വേതനവും ലഭ്യമാക്കും.


മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

ഓടകളുടെ നവീകരണം10 ലക്ഷം
നഗരസഭ മൈതാനത്ത് ജിംനേഷ്യം 4.94 ലക്ഷം
നഗരസഭ കവാടം 5 ലക്ഷം
സി.സി. ടി.സി. സ്ഥാപിക്കലും അറ്റകുറ്റപ്പണിയും5 ലക്ഷം
അംഗൻവാടി അറ്റകുറ്റപ്പണി10 ലക്ഷം
പഴയ ബസ് സ്റ്റാൻഡ് റോഡ്10 ലക്ഷം
അംഗൻവാടി പോഷകാഹാരം40 ലക്ഷം
ഭിന്നശേഷിക്കാർക്ക് സ്‌കോളർഷിപ്പ് 20 ലക്ഷം
വനിതകൾക്ക് കമ്പ്യൂട്ടർ കോഴ്‌സ് 8.76 ലക്ഷം
വയോമിത്രം പദ്ധതി 16 ലക്ഷം
വീട് അറ്റകുറ്റപ്പണി (എസ്.സി, എസ്ടി) 37 ലക്ഷം
വേനൽക്കാല കുടിവെള്ള വിതരണം20 ലക്ഷം