smruthy

കോട്ടയം : ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ ജില്ലയിലെ സമാപന റാലിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുക്കും. മാർച്ച് 2 നാണ് വിജയയാത്ര ജില്ലയിൽ പര്യടനം നടത്തുന്നത്. രാവിലെ 9 ന് കുറവിലങ്ങാട് സ്വീകരിച്ച് കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലേക്ക് ആനയിക്കും. അവിടെ വൈക്കം, കടുത്തുരുത്തി മണ്ഡലങ്ങൾ സ്വീകരണമൊരുക്കും. തുടർന്ന് പാലാ, പൊൻകുന്നം, മണർകാട്, ചങ്ങനാശേരി എന്നിവിടങ്ങളിൽ സ്വീകരണ മഹാസമ്മേളനങ്ങൾ നടക്കും. വൈകിട്ട് 6.30 ന് തിരുനക്കര മൈതാനിയിൽ നടക്കുന്ന ചടങ്ങ് സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സ്വീകരണ സമ്മേളനങ്ങൾ വിജയിപ്പിക്കാൻ ജില്ലാ ഭാരവാഹികൾക്ക് ഓരോ മണ്ഡലത്തിന്റെയും പ്രത്യേക ചാർജ്ജ് നിശ്ചയിച്ചിട്ടുണ്ട്. വൈക്കം : രമേശ് കാവിമറ്റം, കടുത്തുരുത്തി : പി.ജി.ബിജുകുമാർ, ഏറ്റുമാനൂർ : ടി.എൻ.ഹരികുമാർ, പാലാ : കെ.വി.നാരായണൻ, പൂഞ്ഞാർ : വി. സി.അജി, കാഞ്ഞിരപ്പള്ളി : എൻ.ഹരി , പുതുപ്പള്ളി : ജയപ്രകാശ് വാകത്താനം, ചങ്ങനാശേരി : പി.ഡി.രവീന്ദ്രൻ കോട്ടയം : കെ.പി.ഭുവനേഷ് എന്നിവർക്കാണ് ചുമതല.