പാലാ: ജനകീയം ജാഥയുമായി ജോസ് കെ.മാണി. നാളെ രാവിലെ 9ന് മുത്തോലി പഞ്ചായത്തിലെ പന്തത്തലയിൽ ജനകീയം ജാഥയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ നിർവഹിക്കും. മുത്തോലി, കരൂർ പഞ്ചായത്തുകളിലാണ് ജനകീയം പദയാത്ര നാളെ പര്യടനം നടത്തുന്നത്. ഇടതുമുന്നണി സർക്കാരിന്റെ ജനകീയ ഇടപെടലുകളും വികസന പദ്ധതികളും സാമൂഹ്യക്ഷേമ കരുതലും ജനങ്ങളോട് വിശദീകരിക്കുന്നതിനാണ് ജനകീയം ജാഥ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ നടത്തുന്നത്. പാലാ നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും ജനകീയം യാത്രയുമായി ജോസ് കെ. മാണിയെത്തും. ആദ്യ ദിനത്തിൽ മുത്തോലി, കരൂർ പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയാക്കും. 23ന് മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലും 24ന് രാമപുരം, പാലാ നഗരസഭയിലും 25ന് കൊഴുവനാൽ, കടനാട് പഞ്ചായത്തുകളിലും 27ന് എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിലും ജനകീയം പദയാത്ര നടക്കും. ഇടതുമുന്നണിയുടെ പ്രാദേശിക നേതാക്കളും മന്ത്രിമാരുമൊക്കെ ജനകീയം ജാഥായോഗങ്ങളിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.