ഗുരുതര വീഴ്ചയുണ്ടായതായി കായിക വകുപ്പിലെ വിദഗ്ദ്ധരും
പാലാ: സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ സംരക്ഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കായിക വകുപ്പിലെ വിദഗ്ദ്ധർ. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയവും ഉള്ളിലെ ഗ്രീൻഫീൽഡും സംരക്ഷിക്കാൻ പ്രാവീണ്യം നേടിയവരെ വേണം നിയമിക്കാൻ. മറ്റ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയങ്ങളിലൊക്കെ വിദഗ്ദ്ധരായ തൊഴിലാളികളാണ് പരിപാലനം നടത്തുന്നത്. എന്നാൽ പാലായിൽ ഇത്തരം കാര്യങ്ങളിൽ യാതൊരു വൈദഗ്ദ്ധ്യവും ഇല്ലാത്തവരെയാണ് നിയോഗിച്ചിരിക്കുന്നതെന്നാണ് ആരോപണം. അതുകൊണ്ടു തന്നെ ഗ്രീൻഫീൽഡ് സ്‌റ്റേഡിയം കരിഞ്ഞു തുടങ്ങിയിട്ടും കൃത്യമായ വിവരം യഥാസമയം മുനിസിപ്പൽ ഭരണനേതൃത്തെ അറിയിക്കാൻ തൊഴിലാളികൾക്ക് കഴിഞ്ഞിട്ടില്ല . ഇവരെ മാറ്റി വിദഗ്ദ്ധരായ തൊഴിലാളികളെ സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല ഏൽപ്പിക്കണമെങ്കിൽ കൂടുതൽ സാമ്പത്തിക ചിലവും വേണ്ടിവരും. അതിനാൽ തന്നെ ഇക്കാര്യത്തെക്കുറിച്ച് നഗരസഭാ അധികാരികൾ ഇതേവരെ ആലോചിച്ചിട്ടുമില്ല.സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും പലയിടത്തും പൊളിഞ്ഞ സ്ഥിതിയാണ്. ഇതും നന്നാക്കേണ്ടതുണ്ട്. സിന്തറ്റിക് ട്രാക്കിൽ പലയിടത്തും ചെളി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇവ നീക്കാൻ രണ്ട് പവർവാഷ് മെഷീനുകൾ വാങ്ങാൻ ഈ വർഷത്തെ പദ്ധതിയിൽത്തന്നെ തുക വകയിരുത്തിയിട്ടുണ്ടെന്ന് ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ പറഞ്ഞു.
തകരാർ പരിഹരിക്കും
മോട്ടോറിന്റെ സെൻസറിൽ വെള്ളപ്പൊക്കത്താൽ ചെളി കയറിയതുമൂലമാണ് മോട്ടോറിന്റെ പ്രവർത്തനം നിലച്ചതെന്നും ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും നഗരസഭാ ചെയർമാൻ ആന്റോ ജോസും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബൈജു കൊല്ലംമ്പറമ്പിലും തോമസ് പീറ്ററും പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ മോട്ടോറിലെ ചെളി മാറ്റി വെള്ളം വീണ്ടും പമ്പ് ചെയ്ത് നോക്കും. എന്നിട്ടും പ്രവർത്തനം ശരിയാകുന്നില്ലെങ്കിൽ എത്രയും വേഗം വിദഗ്ദ്ധ മെക്കാനിക്കുകളെ കൊണ്ടുവന്ന് മോട്ടോറിന്റെ തകരാർ പരിഹരിക്കുമെന്നും അവർ വ്യക്തമാക്കി.
 23 കോടി രൂപ മുടക്കി കെ.എം മാണി പാലായ്ക്ക് സംഭാവന ചെയ്തതാണ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം. അതിന്റേതായ പ്രാധാന്യത്തോടെ സ്റ്റേഡിയം പരിപാലിക്കാൻ നഗരസഭ പ്രതിജ്ഞാബദ്ധമാണ്
ആന്റോ ജോസ് പടിഞ്ഞാറേക്കര, ചെയർമാൻ, പാലാ നഗരസഭ