
കോട്ടയം നഗര മദ്ധ്യത്തിൽ ശീമാട്ടി റൗണ്ടാനയ്ക്ക് മുകളിൽ അഞ്ചു വർഷമായി അന്തരീക്ഷത്തിൽ സർക്കസ് കൂടാരത്തിലെ മരണക്കിണറിന്റെ പാതി രൂപത്തിൽ നിൽക്കുന്ന ആകാശ പാത പൊളിച്ചു കളയണമെന്ന് ഇടതുമുന്നണിയും ബി.ജെ.പിയും ആവശ്യപ്പെടുമ്പോൾ "സൗകര്യമില്ലെന്നാണ് " യു.ഡി.എഫും ആവർത്തിച്ചു പറയുന്നത്. ഈ നാണക്കേട് എന്നു മാറുമെന്ന് ചോദിക്കുകയാണ് സമര കോലാഹലങ്ങൾ കണ്ടു മടുത്ത നാട്ടുകാർ.
ആറ് മാസം കൊണ്ട് തീർക്കാൻ ഉദ്ദേശിച്ച ആകാശപാതയ്ക്ക് കല്ലിട്ടത് 2016 ഫെബ്രുവരിയിൽ ആയിരുന്നു. പക്ഷേ അഞ്ചു വർഷം കൊണ്ട് പൂർത്തിയായത് തൂണുകൾ മാത്രമാണ്. ബാക്കി പണി എന്തു കൊണ്ട് പൂർത്തിയാക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ചോദ്യം.
സർക്കാർ പണം അനുവദിക്കാത്തതാണ് ആകാശ പാത അഞ്ചു വർഷമായി അന്തരീക്ഷത്തിൽ നിൽക്കുന്നതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിക്കുന്നത്. രാഷ്ട്രീയം കലർത്തി താൻ കൊണ്ടു വന്ന വികസന പദ്ധതികൾ ഒന്നൊന്നായി അട്ടിമറിക്കുന്നതിൽ ഒരെണ്ണം മാത്രമാണ് ആകാശ പാത എന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം . മുൻ എം.എൽ.എ വി.എൻ.വാസവനെതിരെ ആരോപണത്തിന്റെ കുന്തമുന തിരിക്കുമ്പോൾ ആകാശ പാതയ്ക്ക് തൊട്ടു ചേർന്ന ശാസ്ത്രീ റോഡ് നാലു വരി പാതയായി വികസിപ്പിക്കുന്നതിന് ഇടതു മുന്നണി പത്തു കോടി രൂപ അനുവദിച്ചു പണി നടക്കുന്നത് ഉയർത്തിക്കാട്ടി ശാസ്ത്രി റോഡിന്റെ കാര്യത്തിൽ വികസന അട്ടിമറി ആരോപണമില്ലേ എന്നാണ് വാസവൻ ചോദിക്കുന്നത്.
അഞ്ചേകാൽ കോടി രൂപയായിരുന്നു അഞ്ചു വർഷം മുമ്പത്തെ കരാർ. കൊടുത്തത് നാലിലൊന്നു മാത്രം. സർക്കാരിന്റെ കൈവശം മൂന്നേകാൽ കോടി രൂപയോളം നീക്കിയിരിപ്പുണ്ടായിട്ടും എന്തു കൊണ്ട് കരാറുകാരന് ബാക്കി പണം കൊടുക്കുന്നില്ല. ഇത്രയും തുക നീക്കിയിരിപ്പുണ്ടായിട്ടും എന്തു കൊണ്ട് പദ്ധതി പൂർത്തികരിച്ചില്ല തുടങ്ങിയ ചോദ്യങ്ങൾ ഉയരുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് പൂർത്തിയാകാത്ത പദ്ധതികളിൽ ആകാശപാതയും രാഷ്ട്രീയ വിഷയമാകും. സർക്കാർ പണം അനുവദിക്കാതെ വികസനം അട്ടി മറിച്ചുവെന്നാകും തിരുവഞ്ചൂരിന്റെ മറുപടി .
ഇരുകൂട്ടരും ആരോപണ, പ്രത്യാരോപണം ഉന്നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പണി മാത്രം പുനരാരംഭിക്കുന്നില്ലെന്നു മാത്രം. തൂണും കമ്പികളുമെല്ലാം തുരുമ്പിച്ച് ആരുടെയെങ്കിലും തലയിൽ വീണ് ഒരു ദുരന്തമുണ്ടായാലേ പണി തുടങ്ങൂകയുള്ളോ എന്നാണ് ബന്ധപ്പെട്ടവരോട് ചോദിക്കാനുള്ളത്. ഒന്നുകിൽ ഇതു പൊളിച്ചു കളയുക, അല്ലെങ്കിൽ പണി പൂർത്തിയാക്കുക. ഇതു രണ്ടുമല്ലാതുള്ള ഈ ചക്കളത്തി പോരാട്ടം ആർക്കു വേണ്ടി, എന്തിനു വേണ്ടിയാണ്?.