kozhikoodu
കോഴിയും കൂടും പദ്ധതിക്കായി നിർമിച്ച കോഴിക്കൂട്

കട്ടപ്പന: നിലവാരം കുറഞ്ഞ കോഴിക്കൂട് കൈപ്പറ്റാൻ ഗുണഭോക്താക്കൾ തയാറാകാതെ വന്നതോടെ കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം മുടങ്ങി. കട്ടപ്പന നഗരസഭയും മൃഗാശുപത്രിയും സംയുക്തമായി നടപ്പാക്കിയ പദ്ധതിയിൽ നഗരസഭാ പരിധിയിലെ റൂറൽ മേഖലയിലുള്ള 20 ഗുണഭോക്താക്കൾക്ക് 150 ദിവസം പ്രായമുള്ള 5 കോഴി, കോഴിത്തീറ്റ, കൂട് എന്നിവ വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. 10,000 രൂപ വിനിയോഗിക്കുന്ന പദ്ധതിയിൽ സർക്കാർ വിഹിതവും ഗുണഭോക്തൃ വിഹിതവും 5000 രൂപ വീതമാണ്. നഗരസഭ കാര്യാലയത്തിന് സമീപം ഇന്നലെ ഉദ്ഘാടനവും നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ കോഴിക്കൂട് പരിശോധിച്ച ഗുണഭോക്താക്കൾ നിലവാരമില്ലെന്നു പറഞ്ഞ് ഇവ കൈപ്പറ്റാൻ തയാറായില്ല.
ഗുണനിലവാരമില്ലാത്ത കമ്പിവലകൾ ഉപയോഗിച്ചാണ് കൂട് നിർമിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. കൂടാതെ തീറ്റ നൽകുമ്പോൾ കൂർത്ത കമ്പികളിൽ തട്ടി കോഴികൾക്ക് മുറിവേൽക്കാൻ സാദ്ധ്യതയുണ്ടെന്നും ഗുണഭോക്താക്കൾ ആരോപിച്ചു. ഇതോടെ ഉദ്ഘാടനം ഉപേക്ഷിക്കുകയായിരുന്നു. ഇനി എൻജിനിയർ കോഴിക്കൂടുകൾ പരിശോധിച്ച് ഗുണനിലവാരം വിലയിരുത്തിയശേഷം തുടർ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.